കണ്ണൂർ : കൊട്ടില മദ്രസ തീവെപ്പ് കേസിൽ ഗൂഢാലോചന നടത്തിയ ലീഗ് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഒക്‌ടോബർ 18-ന് പുലർച്ചെ ഓണപ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ തീവെച്ച കേസിൽ രണ്ട് മുസ്ലീംലീഗ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ സംഭവത്തിൽ ലീഗിന്റെ പങ്ക്  വ്യക്തമായും തുറന്നു കാട്ടപ്പെട്ടിരിക്കയാണ്. ഈ കേസിൽ തന്നെ ചില ലീഗ് പ്രവർത്തകർ റിമാന്റിലുണ്ട്.

കഴിഞ്ഞ ആഗസ്ത് 15-ന് എ.പി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയും മദ്രസയും ഇതേ വിഭാഗം തന്നെ തകർത്തിരുന്നു. മദ്രസ തീവെച്ച് എ.പി വിഭാഗത്തിന്റെ പേരിൽ കുറ്റം ചുമത്താനുള്ള ലീഗിന്റെ കുതന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.

മദ്രസ തീവെച്ച കേസിൽ കോരൻപീടികയിലും, ഓണപ്പറമ്പിലുമുള്ള ചില ലീഗ് പ്രവർത്തകരെ കൂടി പിടികിട്ടാനുണ്ട് എന്നാണ് അറിയുന്നത്.

മതത്തിന്റെയും പള്ളിയുടേയും പേര് പറഞ്ഞ് മുസ്ലീം ജനവിഭാഗത്തെ വഞ്ചിക്കുന്ന ലീഗ് നേതൃത്വത്തിന് ഓണപ്പറമ്പിലെ ഈ രണ്ട് സംഭവങ്ങളിലും എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ ജനസാമാന്യത്തിന് അവകാശമുണ്ട്.

മദ്രസയും ഖുറാൻ ഗ്രന്ഥങ്ങളും കത്തിച്ച് സംഘർഷമുണ്ടാക്കാനുള്ള  ആസൂത്രിതനീക്കം തെളിഞ്ഞ സാഹചര്യത്തിൽ ഗൂഢാലോചനക്കാരായ ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.