കണ്ണൂർ : ഡി വൈ എഫ് ഐ പ്രവർത്തകരെ നാട് കടത്താനുള്ള പോലീസ് ഐ ജിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.

കാപ്പ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മാറ്റിമറിച്ച്‌കൊണ്ട് രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് ഐ ജി മുതിർന്നിട്ടുള്ളത്. ഇതിനകം 4 ഡി വൈ എഫ് ഐ പ്രവർത്തകരെയാണ് ഐ ജി നാട് കടത്താൻ ഉത്തരവിട്ടിട്ടുള്ളത്. 

ഇരിവേരിയിലെ ഒ രാജേഷ്, മുഴപ്പാലയിലെ കെ സൂരജ് എന്നിവർക്കെതിരെയാണ് ഇപ്പോൾ നാടുകടത്തൽ നോട്ടീസ് നൽകിയിരിക്കുന്നത്. പയ്യന്നൂരിലെ ധനരാജിനെതിരെ നൽകിയ നാടുകടത്തൽ നോട്ടീസ് അഡ്‌വൈസറി ബോർഡ് സ്റ്റേ ചെയ്തിരിക്കുകയാണ്. വലിയന്നൂരിലെ മൂസയെ ജയിലിലടച്ച് 6 മാസം നാടുകടത്താനുള്ള നീക്കം അഡ്‌വൈസറി ബോർഡ് റദ്ദാക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ച് വെച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പും ജില്ലയിലെ പോലീസും ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ നാടുകടത്തൽ നോട്ടീസുമായി രംഗത്ത് വരുന്നത്.  

വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് പോലീസ് ഇത്തരം നടപടികൾ സി പി ഐ (എം) പ്രവർത്തകർക്കെതിരെ സ്വീകരിക്കുന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും ചട്ടുകമായാണ് കണ്ണൂരിലെ പോലീസ് പ്രവർത്തിക്കുന്നതെന്ന് ഇത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പി ജയരാജൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.