കണ്ണൂർ : പാചകവാതക വില വർദ്ധനവിന് എതിരായി സംസ്ഥാനത്തെമ്പാടും നടക്കുന്ന സമരത്തിന്റെ ഭാഗമായി പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയിൽ നിരാഹാര സത്യഗ്രഹ പന്തലിൽ  നായിക്കുർണപൊടി വിതറിയ ആർഎസ്എസ് ക്രിമിനലുകളുടെ ഹീനമായ നടപടിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ശക്തമായി പ്രതിഷേധിച്ചു.

ഇന്നലെ രാത്രി ചെറുവാഞ്ചേരി ടൗണിൽ സജ്ജമാക്കിയ സത്യഗ്രഹപന്തലിൽ ഇന്ന് പുലർച്ചെയാണ് നായിക്കുർണപൊടി വിതറിയത്. നായിക്കുർണപൊടിയുമായി വന്ന ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെറുവാഞ്ചേരിയിലെ ആർഎസ്എസ് ക്രിമിനലിന്റേതാണ് ഈ ഓട്ടോറിക്ഷ. അത്യന്തം പ്രകോപനപരമായിട്ടുള്ള നടപടിയാണിത്. പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സിപിഐ(എം) ഈ സമരം സംഘടിപ്പിച്ചിട്ടുള്ളത്. ഈ നയത്തിന് എതിരായി എല്ലാ വിഭാഗം ജനങ്ങളിലും ശക്തമായി പ്രതിഷേധം ഉണ്ട്. അത്തരം ഒരു പ്രതിഷേധ സമരം തങ്ങളുടെ പോക്കറ്റിൽ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് സമീപനമാണ് ഇവിടെ പ്രകടമാക്കിയിട്ടുള്ളത്. അത്യന്തം പ്രകോപനപരമായ ആ അക്രമത്തിൽ ആർഎസ്എസ്-ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം.

ആർഎസ്എസ് ക്രിമിനലുകളുടെ ഭീഷണിക്കു മുമ്പിൽ സിപിഐ(എം) മുട്ടുമടക്കില്ല. നിരാഹാര സമരം കൂടുതൽ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കുക തന്നെ ചെയ്യും. ജനാധിപത്യപരമായ ഈ സമരത്തെ അക്രമത്തിലൂടെ നേരിടുന്ന ഇത്തരം നടപടിക്കെതിരായി ശക്തമായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും പാർടി അഭ്യർത്ഥിച്ചു.