കണ്ണൂർ : എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി വി കെ നിഷാദിനെ കള്ള കേസിൽ കുടുക്കാനുള്ള പോലീസ് നീക്കത്തിനെതിരെ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

ഏതെങ്കിലുമൊരു കേസിൽ പ്രതിയാക്കുന്നതിനുള്ള യാതൊരുവിധ തെളിവും നിഷാദിന്റെ മേൽ ആരോപിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി 13-നു രാവിലെ കസ്റ്റഡിയിലെടുത്ത നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്താനോ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാനോ തയ്യാറാകാത്തതിൽ നിന്നും പോലീസിന്റെ ഗൂഡ ശ്രമം വ്യക്തമാവുകയാണ്.

2012 ആഗസ്ത് മാസം പയ്യന്നൂർ കോളജിൽ എസ് എഫ് ഐ യോഗത്തിൽ പങ്കെടുക്കാനെത്തിയ നിഷാദിനെ ഒരു സംഘം പോലീസുകാർ വളഞ്ഞിട്ട് പിടിക്കുകയും വിദ്യാർത്ഥികളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പയ്യന്നൂർ മുതൽ തളിപ്പറമ്പ ഡി വൈ എസി പി ഓഫീസിലെത്തുന്നത് വരെ മർദ്ദിച്ചു. ഡി വൈ എസ് പി ഓഫീസിൽ വെച്ചുണ്ടായ ക്രൂര മർദ്ദനത്തിൽ നിഷാദ് ബോധരഹിതനായി. ജനപ്രതിനിധികളും പാർടി പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് ശേഷമാണ് നിഷാദിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മർദ്ദനത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ പയ്യന്നൂർ കോടതിയിൽ നിഷാദ് നേരിട്ട് പരാതി നൽകുകയും പോലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സിപിഐ(എം) നു എതിരെ അക്രമമുദ്ര ചാർത്താൻ വേണ്ടിയുള്ള കോൺഗ്രസിന്റെ രാഷ്ട്രീ യ ദൗത്യമാണ് പോലീസ് ഇതുവഴി നടപ്പാക്കുന്നത്. പോലീസിന്റെ ക്രൂരമായ ഈ പ്രതികാര നടപടിക്കെതിരെ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.