കണ്ണൂർ : ഷുക്കൂർ കേസ് സിബിഐ യെ ഏൽപിച്ച സർക്കാർ നടപടി നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്. കോടതിയല്ല സർക്കാരാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ഷുക്കൂർ കേസിൽ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ കോടതിയിലേക്ക് നടപടിക്രമങ്ങൾക്കായി മാറ്റുകയും  കോടതിയാവട്ടെ വിചാരണക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതാണ്. അത്തരം കേസുകൾ സാധാരണഗതിയിൽ സിബിഐ യെ ഏൽപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നിന്ന് നിരവധി വിധികളും ഉണ്ടായിട്ടുണ്ട്. 4 മാസം മുമ്പാണ് ഷുക്കൂറിന്റെ മാതാവ്  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 4 തവണ കേസ് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം അറിയാൻ മാറ്റിവെക്കുകയുണ്ടായി. ജനുവരി 2-ന് (ഇന്ന്) കേസ് എടുത്തപ്പോൾ പോലും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെന്ന കാര്യം കോടതിയെ  അറിയിക്കാതെ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നു. വാദിയുടെ അഭിഭാഷകനാവട്ടെ സർക്കാറിന്റെ അഭിപ്രായം കോടതിയെ അറിയിക്കാൻ സർക്കാർ വക്കീലിന് ആവശ്യമായ സമയം നൽകണമെന്ന് കോടതിയിൽ പറയുകയുണ്ടായി. ഇത് സർക്കാറുമായുള്ള ഒത്തുകളിയാണ്. സിബിഐ അന്വേഷണത്തെ കുറിച്ച് കോടതിയിൽ ഉത്തരവ് ഇറങ്ങിയതിന് ശേഷം പോലും പറയാതെ കോടതിയെ കബളിപ്പിച്ചുകൊണ്ട് സർക്കാർ നിയമവ്യവസ്ഥയെ അവഹേളിക്കുകയാണ്. അന്വേഷണ സമയത്തോ കുറ്റപത്രം സമർപ്പിക്കുന്ന വേളയിലോ വിചാരണ കോടതിയുടെ നടപടി ആരംഭിക്കുമ്പോഴോ ലീഗുകാർ പോലീസ് അന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നില്ല. സിപിഐ(എം) നേതാക്കൾ പോലീസിനെ സ്വാധീനിച്ചു എന്ന പരാതി ലീഗുകാർ ആഗ്രഹിച്ച നേതാക്കൾ പ്രതികളാകാതിരിക്കുകയോ കള്ളക്കേസിൽ പ്രതികളാക്കപ്പെട്ടവരിൽ ആരോപിക്കപ്പെട്ട കുറ്റം തങ്ങൾ ആഗ്രഹിച്ച രീതിയിലോ ഇല്ലെന്ന് വന്നപ്പോൾ മാത്രമാണ് സിബിഐ അന്വേഷണം വേണമെന്ന  ലീഗുകാർ ഉന്നയിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. തിരുവഞ്ചൂർ മാറിയാൽ പോലീസിന്റെ നീതി നിർവഹണം ശരിയായ രീതിയിൽ നടക്കുമെന്നായിരുന്നു ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത്. ചെന്നിത്തലയാവട്ടെ തിരുവഞ്ചൂരിനെക്കാൾ സിപിഐ(എം) വേട്ടയ്ക്കായി മന്ത്രി പദവി ദുരുപയോഗം ചെയ്യുമെന്നതാണ് ഷുക്കൂർ കേസ് സിബിഐ ക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൂട്ടിലിട്ട തത്തയെന്ന് കോടതി വിശേഷിപ്പിച്ച സിബിഐയെ കൊണ്ട് കൂടുതൽ സിപിഐ(എം) നേതാക്കളെ കള്ളക്കേസിൽ പ്രതിയാക്കാനുള്ള യുഡിഎഫ് സർക്കാറിന്റെ  നീക്കം ജനങ്ങൾ തിരിച്ചറിയും. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ ഇത്തരം നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധം ഉയർത്തണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.