കണ്ണൂർ : കണ്ണൂർ-തളാപ്പിലെ അമ്പാടിമുക്കിൽ ബി ജെ പി സ്ഥാപിച്ച സ്മാരക സ്തൂപം ആർ എസ് എസ്-കാർ തന്നെ അടിച്ച് തകർത്ത് മറ്റുള്ളവരുടെ പേരിൽ കേസെടുപ്പിക്കാനുള്ള നീക്കം അപഹാസ്യമാണ്.

ഡിസംബർ 24-നു രാത്രിയാണ് അമ്പാടി മുക്കിലെ ബി ജെ പി സ്തൂപം തകർക്കപ്പെട്ടത്. ഇതേ തുടർന്ന് ബി ജെ പിയിൽ അടുത്ത കാലത്ത് രൂപപ്പെട്ട  സമാന്തര സംഘടനയിൽ പെട്ട 2 ആളുകളുടെ പേര് ചേർത്തുകൊണ്ട് ബി ജെ പിക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ആർ എസ് എസുകാർ പലേടത്തും നടപ്പാക്കുന്ന ആക്രമണ ശൈലിയെകുറിച്ച് മനസിലാക്കിയ സമാന്തര സംഘടനാ പ്രവർത്തകർ ഇത്തരമൊരാക്രമണം മുൻകൂട്ടി കണ്ടുകൊണ്ട് അവിടെ ഒരു ഒളിക്യാമറ സ്ഥാപിച്ചു.

സമാന്തര സംഘടനാ പ്രവർത്തകരാണ് അക്രമണം നടത്തിയതെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തിയ ആർ എസ് എസ് പ്രവർത്തകരാണ്  യഥാർത്ഥത്തിൽ അക്രമണം നടത്തിയതായി ക്യാമറയിൽ ദൃശ്യമായത്.

ആർ എസ് എസ്-ബി ജെ പി നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സമാന്തര സംഘടനാ പ്രവർ്ത്തകരെ കേസിൽ പെടുത്തുകയായിരുന്നു ആർ എസ് എസ് നേതൃത്വത്തിന്റെ ഉദ്ദേശ്യം. ക്യാമറ ദൃശ്യങ്ങൾ കണ്ണൂർ പോലീസിന് ലഭിച്ചിട്ടുണ്ട്. അടിയന്തിരമായും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണം. നേതൃത്വം ആസൂത്രിതമായി അക്രമം നടത്തുകയും അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ പഴിചാരുകയും ചെയ്യുക എന്നത് ആർ എസ് എസ് ശൈലിയാണ്.

ആർ എസ് എസ്-ബി ജെ പി നേതൃത്വത്തിന്റെ അഴിമതിക്കും മൂല്യച്ച്യുതിക്കുമെതിരെ സംഘടനക്കകത്ത് പ്രതിഷേധമുയർത്തി ഫലമില്ലാതെ വന്നപ്പോൾ സമാന്തര സംഘടനാ നേതാക്കൾ പരസ്യമായി അത്തരം കാര്യങ്ങൾ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. അതിന് മറുപടി പറയുന്നതിന് പകരം അക്രമത്തിലൂടെ അത്തരക്കാരെ നേരിടുന്ന ഫാസിസ്റ്റ് ശൈലിയാണ് ആർ എസ് എസ് നേതൃത്വം കൈക്കൊള്ളുന്നത്.

പാനൂരിൽ സമാന്തര സംഘടനക്കാർ നടത്തിയ യോഗം ആർ എസ് എസിന്റെ ക്രിമിനലുകളാണ് അക്രമിച്ചത്. ആർ എസ് എസിന്റെ ജില്ലാ നേതൃത്വം ആസൂത്രണം ചെയ്താണ് സമാന്തര സംഘടനാ നേതാക്കളെ വധിക്കാൻ ശ്രമിച്ചത്. അക്രമത്തിന്റെ പിന്നിലുള്ള നേതാക്കൾക്കെതിരെ ഗൂഢാലോചനക്ക് കേസ് എടുക്കണം. ഗൂഢാലോചന നടത്തിയത് ആരെന്ന് ഈ സംഘടനാ നേതാക്കൾ വ്യക്തമാക്കിയതും ജില്ലാ പോലീസ് മേധാവിക്ക് എഴുതി നൽകിയതുമാണ്. പാനൂരിലെ അക്രമത്തിന്റെ മറു പതിപ്പാണ് തളാപ്പിലുണ്ടായത്.

ഡിസംബർ 26-നു വൈകുന്നേരം പട്ടുവം മുതുകുടയിൽ പി രാജൻ, കെ പി ശിവൻ എന്നീ 2 സി പി ഐ (എം) പ്രവർത്തകരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരിക്കുകയാണ്. നടുവിൽ ആർ എസ് എസ് നടത്തുന്ന ഐ ടി സി പരേഡിൽ പങ്കെടുക്കാത്തതിനാണ് തുണ്ടത്തിൽ മഹേഷ് എന്ന യുവാവിനെ അക്രമിക്കാൻ ശ്രമിച്ചതും തടയാൻ ചെന്ന തെക്കേമുറിയിൽ ജോർജിനെയും മകൾ നീതു ജോർജിനെയും മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ചതും. ഇതെല്ലാം ആർ എസ് എസിന്റെ ഫാസിസ്റ്റ് രീതിയാണ് വെളിവാകുന്നത്. ബി ജെ പിയുടെ 4 മുൻ ജില്ലാ പ്രസിഡണ്ടുമാരടക്കം നിലവിലുള്ള പ്രസിഡണ്ടിനെതിരായി ആരോപണം ഉന്നയിച്ചിട്ടും അത് സംബന്ധിച്ചുള്ള യാതൊരു കാര്യവും ജനങ്ങളോട് വിശദീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. ഇത് കൂടാതെ സംഘടനക്ക് വേണ്ടി പിരിച്ച ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കാത്തത് സംബന്ധിച്ചും ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സംബന്ധിച്ച് പൊതുസമൂഹത്തിന് മുന്നിൽ മറുപടി പറയാൻ ബാധ്യതപ്പെട്ട ആർ എസ് എസ്-ബി ജെ പി നേതൃത്വം ജനങ്ങളുടെ എതിർപ്പുകൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. തങ്ങൾക്കിടയിലെ ഭിന്നത ജനങ്ങളുടെ സൌര്യജീവിതം തകർത്തുകൊണ്ട് പരിഹരിക്കാനാണ് ആർ എസ് എസ് നേതൃത്വത്തിന്റെ ശ്രമം. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ആർ എസ് എസ്-ബി ജെ പി സംഘങ്ങൾ ജില്ലയിൽ സംഘർഷം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് ഫാസിസ്റ്റ് ശൈലി. ഈ ഫാസിസ്റ്റ് ശൈലിക്കെതിരെ മുന്നോട്ട് വരുന്ന സമാന്തര സംഘടനാ പ്രവർത്തകർക്ക് ജനങ്ങൾ എല്ലാ പിന്തുണയും നൽകണം. ഭിന്നാഭിപ്രായക്കാരെ നിരന്തര അക്രമത്തിലൂടെ നേരിടുന്ന ആർ എസ് എസ്-ബി ജെ പി നേതൃത്വത്തിന്റെ ഈ ഫാസിസ്റ്റ് ശൈലിക്കെതിരെ പ്രതികരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

ബി ജെ പിയിലെ ഒരു വലിയ വിഭാഗം ആർ എസ് എസ് നേതൃത്വത്തെയടക്കം വെല്ലുവിളിച്ച്‌കൊണ്ട് സമാന്തര പ്രവർത്തനം നടത്തുകയാണ്. തങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാൻ അക്രമണത്തിന്റെ ശൈലി സ്വീകരിക്കുന്ന രീതിയാണ് മുമ്പും ആർ എസ് എസ് നടത്തിയിട്ടുള്ളത്. തങ്ങൾക്കിടയിലെ ഭിന്നത ജനങ്ങളുടെ സൌര്യജീവിതം തകർത്തുകൊണ്ട് പരിഹരിക്കാനാണ് ആർ എസ് എസ് നേതൃത്വത്തിന്റെ ശ്രമം. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്നു. 

 

കസ്തൂരി രംഗൻ റിപ്പോർട്ട് അതേപടി നടപ്പാക്കണമെന്ന ബി ജെ പി നേതൃത്വത്തിന്റെ നിലപാടിനെതിരെ സമാന്തര സംഘടനാ നേതാക്കൾ പ്രതികരിച്ചത് സ്വാഗതാർഹമാണ്. മാത്രമല്ല റിപ്പോർട്ടിലെ ശുപാർശകൾ മലയോര മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങൾ ഹനിക്കുന്നതാണെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രക്ഷോഭ രംഗത്തുള്ള എൽ ഡി എഫുമായി സഹകരിക്കുന്നതാണെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടത്തുന്ന തുടർ പ്രവർത്തനങ്ങളിൽ ഈ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറിയിക്കുന്നു.