കണ്ണൂർ: കണ്ണൂർ ജില്ലാ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ജില്ലയിലെ അക്രമസംഭവങ്ങളെകുറിച്ച് പാനൂരിലെ പൊതുയോഗത്തിൽ നടത്തിയ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി പോലീസ് സ്വമേധയാ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ജില്ലയിലെ ബിജെപിക്കകത്തുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ ഇന്നലെ നടന്ന പൊതുയോഗത്തോടെ ബിജെപി നേതാക്കൾ പരസ്യപ്പെടുത്തിയിരിക്കുകയാണ്. അതിൽ ബിജെപി നേതാക്കന്മാർ നടത്തിയ ഫണ്ടുകളുടെ തിരിമറിയും ജില്ലാ പ്രസിഡന്റിന്റെ ധാർമ്മിക അധ:പതനവുമെല്ലാം അടങ്ങിയിട്ടുണ്ട്. അത് സംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക നേതാക്കളാണ് നിലപാട് വിശദീകരിക്കേണ്ടത്. എന്നാൽ 2013 ഒക്‌ടോബർ 29-ന് പാനൂരിൽ സമാന്തര ബിജെപി പ്രവർത്തക യോഗത്തിൽ പങ്കെടുത്തവരെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായത്. ഇതിന്റെ പിന്നിൽ ആർഎസ്എസ് നേതൃത്വത്തിന്റെ ഗൂഢാലോചന ഉണ്ടെന്നാണ് ഇവർ വെളുപ്പെടുത്തിയിട്ടുള്ളത്. മാത്രവുമല്ല മന്ത്രി കെ പി മോഹനന്റെ വീടാക്രമിച്ചതിന്റെ പിന്നിലും ആർഎസ്എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്നുകൂടി  ഒ കെ വാസുവും, എ അശോകനുമുൾപ്പെടെയുള്ള നേതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലും ജില്ലക്ക് പുറത്തും നിരവധി കൊലപാതകങ്ങൾ കണ്ണൂർ ജില്ലയിലെ ആർഎസ്എസ് നേതാക്കൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായി. ഇതു സംബന്ധിച്ച് സമാന്തര ബിജെപി സംഘടനാ നേതാക്കളുടെ മൊഴിയെടുത്ത്  പോലീസ് സ്വമേധയാ കേസ് ചാർജ് ചെയ്താൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിച്ചത്തു വരും. അത്തരമൊരു നടപടി കൈക്കൊള്ളാൻ പോലീസ് അധികാരികൾക്ക് ബാധ്യതയുണ്ട്. ആ ബാധ്യത പോലീസ് അധികൃതർ നിർവഹിക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

ജനങ്ങളെ ബാധിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർടികളുമായി സിപിഐ(എം) സഹകരിച്ച് പ്രക്ഷോഭ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ സമാന്തര വിഭാഗം പ്രതികരിക്കാൻ മുന്നോട്ട് വന്നാൽ അവരുമായി സഹകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.