കണ്ണൂർ : പയ്യന്നൂരിലെ പെരുമ്പയിൽ ഉണ്ടായ സംഘർഷത്തിൽ ആർ എസ് എസ് പ്രവർത്തകൻ മരണപ്പെട്ടതിനെ തുടർന്ന് ചാർജ് ചെയ്യപ്പെട്ട കേസിൽ ഡി വൈ എഫ് ഐ, എസ് എഫ് ഐ നേതാക്കളെ പ്രതി ചേർക്കാനുള്ള നീക്കത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി പെരളം ചീറ്റയിൽ പുറത്ത് നിന്നെത്തിയ ആർ എസ് എസുകാർ അക്രമണം ആരംഭിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. അവിടെ നിന്നും പയ്യന്നൂർ പെരുമ്പയിൽ എത്തുമ്പോഴേക്കും വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിലെത്തിയ ആർ എസ് എസുകാർ സംഘടിതമായി അവിടെ നിർത്തി അക്രമണം നടത്തുകയായിരുന്നു. സി പി ഐ (എം) ന്റെ കൊടിമരവും പ്രചരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചതോടെയാണ് അവിടെയുള്ള ജനങ്ങൾ ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിൽ ആർ എസ് എസ് പ്രവർത്തകൻ മരണപ്പെട്ടത്. ഈ മരണം ദൗർഭാഗ്യകരമാണ്. എന്നാൽ സംഘർഷം ശമിപ്പിക്കാൻ എത്തിയ നേതാക്കളെ കൊലകേസിൽ പ്രതി ചേർക്കാനാണ് ഇപ്പോൾ പോലീസ് ശ്രമിക്കുന്നത്. ഇന്നലെ രാത്രി ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് പ്രസിഡണ്ട് രഞ്ചിത്തിനെ വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ: പി സന്തോഷ് കുമാർ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവരടക്കമുള്ള ഉത്തരവാദപ്പെട്ട നേതാക്കളെ കേസിൽ ഉൾപ്പെടുത്താൻ ബി ജെ പി നേതാക്കൾ ലിസ്റ്റ് തയ്യാറാക്കി പോലീസിന് നൽകിയിരിക്കുകയാണ്. ബി ജെ പി നേതാക്കളുടെ താളത്തിനൊത്ത് തുള്ളുകയാണ് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർ. നിരപരാധികളെ കേസിൽ കുടുക്കാനുള്ള പോലീസിന്റെ നീക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. അതിൽ നിന്ന് പോലീസ് പിന്തിരിയണം.

ബി ജെ പിക്കാർ തുടങ്ങിവെച്ച സംഘർഷത്തിന്റെ പേരിൽ പലേടത്തും ബി ജെ പി-ആർ എസ് എസുകാർ സംഘർഷം ഉണ്ടാക്കുകയാണ്. ഇന്ന് ചിറക്കൽ കട്ടിങ്ങിലെ കെ പി കോരൻ സ്മാര മന്ദിരം, വൻകുളത്ത് വയൽ ജനശക്തി സ്‌പോർട്‌സ് ക്ലബ്ബ് എന്നിവക്ക് നേരെ അക്രമണമുണ്ടായി. പണ്ണേരിമുക്കിലെ അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ സ്തൂപത്തിൽ ടയർ കൂട്ടിയിട്ട് തീയിട്ടു. വെള്ളുവപ്പാറയിലെ സി പി ഐ (എം) ബ്രാഞ്ച് ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കയറി മേശയും മറ്റ് ഉപകരണങ്ങളും റോഡിൽ വലിച്ചിട്ട് തീയിട്ടു. കൂത്തുപറമ്പ-നീർവ്വേലിയിലെ യു കെ സ്മാരക മന്ദിരം അടിച്ച് തകർത്തു.ആർ എസ് എസ്, ബി ജെ പിക്കാരുടെ ഈ അക്രമണങ്ങളെ ജനങ്ങൾ ജാഗ്രതയോടെ കാണണം. കഴിഞ്ഞ 2 മാസത്തിനിടയിൽ 4 സി പി ഐ (എം) പ്രവർത്തകരുടെ ജീവനെടുത്ത കാട്ടാള സംഘമാണ് ആർ എസ് എസ്. ജില്ലയിലും സംഘർഷം വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം.

 

ബി ജെ പിയിലെ ഒരു വലിയ വിഭാഗം ആർ എസ് എസ് നേതൃത്വത്തെയടക്കം വെല്ലുവിളിച്ച്‌കൊണ്ട് സമാന്തര പ്രവർത്തനം നടത്തുകയാണ്. തങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാൻ അക്രമണത്തിന്റെ ശൈലി സ്വീകരിക്കുന്ന രീതിയാണ് മുമ്പും ആർ എസ് എസ് നടത്തിയിട്ടുള്ളത്. തങ്ങൾക്കിടയിലെ ഭിന്നത ജനങ്ങളുടെ സൌര്യജീവിതം തകർത്തുകൊണ്ട് പരിഹരിക്കാനാണ് ആർ എസ് എസ് നേതൃത്വത്തിന്റെ ശ്രമം. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.