കണ്ണൂർ: പാർലിമെന്റിൽ പോകാത്ത പാർലിമെന്റ് മെമ്പർ സുധാകരൻ എന്തിനാണ് കൊട്ടിയൂരിലേക്ക് മാർച്ച് നടത്തുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

കസ്തൂരി രംഗൻ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായിട്ടും യാതൊന്നും ചെയ്യാത്ത സുധാകരൻ ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. ഈ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിന് കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയം നവംബർ 13-ന് ഉത്തരവിറക്കിയതോടെയാണ് കൊട്ടിയൂരിലെ ജനങ്ങളുടെ അമർഷം ശക്തിയായി ഉണർന്നത്. അതിന്റെ പേരിൽ കൊട്ടിയൂരിലെ 100 കണക്കിന് ആളുകളുടെ പേരിൽ കള്ളക്കേസ് എടുക്കാൻ പോലീസ് തയ്യാറായിരിക്കുകയാണ്. ഇതിനകം 32 പേരെ ജയിലിലടച്ചു. കൊട്ടിയൂരിലെ കർഷകപ്രക്ഷോഭത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടവരെ കഴിഞ്ഞ 10 ദിവസമായി സന്ദർശിക്കാൻ പോലും മനസ് കാണിക്കാത്ത എം പി ഇപ്പോൾ കൊട്ടിയൂരിലേക്ക് ജാഥ നയിക്കുന്നത് ആരെയും ബോധ്യപ്പെടുത്താൻ ഉതകില്ല. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കണം.

 

കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളികളയണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്കും, കൊട്ടിയൂരിലെ 1500 ഓളം ആളുകളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തേക്കുമാണ് എംപി മാർച്ച് നടത്തേണ്ടതെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.