കണ്ണൂർ : മത-തീവ്രവാദ ആശയങ്ങൾ ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിക്കാൻ മുന്നോട്ട് വരുന്നവരെ എതിർക്കാൻ പേന ഉന്തുന്നവരും വാളെടുക്കുന്നവരും ഒന്നിക്കുന്നത് കൗതുകകരമാണ്.

കണ്ണൂർ ജില്ലയിൽ ആർഎസ്എസും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചും പോപ്പുലർ ഫ്രണ്ട്-ലീഗ് ബന്ധം അവസാനിപ്പിച്ചും സിപിഐഎമ്മുമായി സഹകരിക്കാൻ നൂറുകണക്കിന് ആളുകളാണ് മുന്നോട്ട് വരുന്നത്. ഇത് ആർഎസ്എസും പോപ്പുലർ ഫ്രണ്ടും പോലുള്ള മത-തീവ്രവാദ ശക്തികളെയാണ് ദുർബലപ്പെടുത്തുന്നത്. അതുവഴി അത്തരം ശക്തികളെ നിർഭയം എതിർക്കാൻ തയ്യാറാവുന്ന സിപിഐഎമ്മിന്റെ കരുത്ത് വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിൽ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നവരാകെ സന്തോഷിക്കുന്നുണ്ട്. ഇതിൽ വർഗീയതയുമായി സന്ധിചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്കുള്ള വിഷമം മനസ്സിലാക്കാൻ ആവും. എന്നാൽ ആർഎസ്എസ് ദുർബലപ്പെടുന്നതിനെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ട് ദുർബലപ്പെടുന്നതിൽ ആർഎസ്എസും വലിയ വിഷമം പ്രകടിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടേയും ആർഎസ്എസിന്റേയും മുഖപത്രങ്ങൾ നൽകുന്ന വാർത്തകളിലൂടെ ഇതാണ് സ്ഥാപിക്കുന്നത്. നാനാ മത-തീവ്രവാദ ശക്തികൾ പരസ്പരം സഹായിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനാധിപത്യവൽക്കരണം നടന്ന സംസ്ഥാനമാണ് കേരളം. അത്തരം ഒരു സംസ്ഥാനത്ത് ആർഎസ്എസിന്റെ ഏകാധിപത്യ ശൈലിക്കെതിരെ  സംഘടനക്കകത്ത് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടും. ഇതാണ് സംഘപരിവാരിൽ സംഭവിച്ചത്. കണ്ണൂരിൽ തുടക്കം കുറിച്ച സംഘപരിവാരിലെ ഉരുൾപൊട്ടൽ കേരളത്തിലെമ്പാടും ആവർത്തിക്കാൻ പോകുകയാണ്. കണ്ണാടിപ്പറമ്പിൽ മറ്റ് മതസ്ഥരുമായുള്ള ചങ്ങാത്തം പോലും വിലക്കിയ പോപ്പുലർ ഫ്രണ്ടിന്റെ  നിലപാടിനെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ആ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിക്കാൻ മുന്നോട്ട് വന്നത്.  മതസൗഹാർദ്ദം നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഇത്തരം ശാസനകൾ അവരുടെ അണികൾ പോലും ചോദ്യം ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. അത് ഇനിയും ശക്തിപ്പെടും.  ഇങ്ങനെ വരുന്നവരെ സിപിഐ(എം) സ്വാഗതം ചെയ്യും. അതിൽ വർഗീയ തീവ്രവാദശക്തികൾ ബേജാറാവുന്നത് സാധാരണയാണ്. എന്നാൽ ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടണമെന്നാഗ്രഹിക്കുന്നവർ ഇതിൽ സന്തോഷിക്കുകയേയുള്ളൂ.