കണ്ണൂർ : കണ്ണൂർ സർവ്വകലാശാല ആസ്ഥാനം തിരക്കിട്ട് താവക്കരയിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ആസ്ഥാനം മാറ്റുന്നത് സർവ്വകലാശാല പ്രവർത്തനത്തെ  അവതാളത്തിലാക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരിക്കും. പാർലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സർവ്വകലാശാല ആസ്ഥാനം മാറ്റിയെന്ന ഖ്യാതി നേടാൻ ചിലർ നടത്തുന്ന ശ്രമത്തിന്  സർവ്വകലാശാല അധികൃതർ കൂട്ടുനിൽക്കരുത്.

കണ്ണൂർ സർവ്വകലാശാലക്കുവേണ്ടി താവക്കരയിൽ ഭൂമി ഏറ്റെടുത്തത് കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്താണ്. തുടർന്ന് 25 കോടി രൂപ സെൻട്രൽ ലൈബ്രറിക്കുവേണ്ടി അതേ സർക്കാർ തന്നെയാണ് അനുവദിച്ചത്. വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ  പ്രവർത്തനത്തിനും വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് ഒരു എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നതിനും ഉദ്ദേശിച്ചാണ് മുൻ സിണ്ടിക്കേറ്റിന്റെ കാലത്ത് പ്ലാൻ ഫണ്ടിൽ നിന്നും 12 കോടി രൂപ നീക്കി വെച്ച് താവക്കരയിൽ ഇന്ന് പണിത്‌കൊണ്ടിരിക്കുന്ന കെട്ടിടത്തിന് തുടക്കമിട്ടതും. ഇതെല്ലാം തങ്ങളുടെ നേട്ടമാണെന്ന് വരുത്തി തീർക്കാൻ ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമം അപഹാസ്യമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലച്ചു കൊണ്ടാണ് സർവ്വകലാശാല അധികൃതർ ഇതിന് കൂട്ടുനിൽക്കുന്നത്.

മാങ്ങാട്ടുപറമ്പിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഇപ്പോൾ സർവ്വകലാശാല ആസ്ഥാനം പ്രവർത്തിച്ചു വരുന്നത്. സെനറ്റ് ഹാൾ, ഗസ്റ്റ് ഹൗസ്, സ്റ്റുഡന്റ് ഫെസിലിററി സെന്റർ, യൂണിവേഴ്‌സിറ്റി യൂണിയൻ ഓഫീസ്, ബേങ്ക് എന്നീ സൗകര്യങ്ങളെല്ലാം നിലവിലുള്ള സർവ്വകലാശാല കേന്ദ്രത്തിലുണ്ട്. എന്നാൽ താവക്കരയിൽ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഈ വിധ സൗകര്യങ്ങളൊന്നുമില്ല. ഇത്തരം സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച്  സർവ്വകലാശാല അധികൃതർ മൗനം പാലിക്കുകയാണ്.  ഈ സൗകര്യങ്ങളിവിടെ ഒരുക്കാൻ തുനിഞ്ഞാൽ നിലവിലുള്ള സൗകര്യങ്ങളെല്ലാം ഉപയോഗശൂന്യമാവുകയും ചെയ്യും.

മാങ്ങാട്ടുപറമ്പിലെ ആസ്ഥാനമന്ദിരം രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത് സർവ്വകലാശാല കേന്ദ്രം പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ വിധ സൗകര്യങ്ങളും മുന്നിൽ കണ്ടാണ്. ഇതെല്ലാം വിസ്മരിച്ച് ഇപ്പോൾ ആസ്ഥാനം മാറ്റുന്നതിന് നടത്തുന്ന ധൃതിപിടിച്ച ശ്രമങ്ങൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണത്തിന് മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.

നാക്ക് അക്രഡിറ്റേഷനുവേണ്ടി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ പഠന വിഭാഗങ്ങൾ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റേണ്ടതുണ്ടെന്നാണ് സർവ്വകലാശാല അധികൃതരുടെ വിശദീകരണം. യുജിസിയുടേയും നാക്കിന്റേയും  പ്രവർത്തനത്തെക്കുറിച്ച് അറിയുന്നവർ ബാലിശമായ ഈ വാദം തള്ളിക്കളയുകയേയുള്ളൂ. സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ  സ്ഥിരം അധ്യാപകരെ നിയമിക്കുകയോ നാക്ക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനങ്ങളും റിപ്പോർട്ടും തയ്യാറാക്കാതെ അക്രഡിറ്റേഷനുള്ള അപേക്ഷപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർവ്വകലാശാല ഇന്നുള്ളത്. ഇപ്പോൾ നടത്തുന്ന കുത്സിത ശ്രമങ്ങൾ കൊണ്ട് ഇതൊന്നും മറച്ചുവെക്കാനാവില്ല. 

കോൺഗ്രസിന്റെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതർ നടത്തുന്ന ധൃതിപിടിച്ചുള്ള ഈ അനാവശ്യനീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.