കണ്ണൂർ : കണ്ണൂർ സർവ്വകലാശാല ആസ്ഥാനം താവക്കരയിലെ പണിപൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് ധൃതിപിടിച്ച് മാറ്റുന്നതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ താൽപര്യമാണുള്ളത്. കണ്ണൂർ എംപിയുടെ ഇല്ലാത്ത നേട്ടങ്ങൾ വിവരിച്ചു കൊണ്ട് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് സിഡിയിലെ  സ്‌ക്രിപ്റ്റിനനുസൃതമായി സുധാകരനു വേണ്ടി വിടുപണി ചെയ്യുകയാണ് വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികൃതർ ചെയ്യുന്നത്.

ജില്ലാ കേന്ദ്രത്തിൽ നിന്നും വളരെ അകലെയായിരുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനം കണ്ണൂർ നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ഈ കാലയളവിൽ സാധിച്ചു”  എന്നും കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനം പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ദൃശ്യമാവുന്നു, സൗകര്യം അനുഗ്രഹമായി എന്ന് ഒരു ദൂരദേശ വിദ്യാർത്ഥിനിയുടെ സംഭാഷണം എന്നിവ കാണാംഎന്നും സ്‌ക്രിപ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസൃതമായ വിധം സിഡി തയ്യാറായിട്ടുണ്ട് എന്നാണ് അറിയുന്നത്. സുധാകരന്  വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റിനനുസൃതമായി പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് സർവ്വകലാശാല ആസ്ഥാനം ധൃതിപിടിച്ച്  മാറ്റുക വഴി വിദ്യാർത്ഥികളുടേയും സർവ്വകലാശാലയുടേയും പൊതു താൽപര്യം ബലികഴിക്കുകയാണ് സർവ്വകലാശാല അധികൃതർ ചെയ്യുന്നത്.

കണ്ണൂർ സർവ്വകലാശാലക്ക്  ലൈബ്രറിയും അക്കാദമിക്ക് ബ്ലോക്കും പണിയുന്നതിന് വേണ്ടിയാണ് നേരത്തെ നായനാർ സർക്കാറിന്റെ കാലത്ത് മാടായിപ്പാറയിൽ 100 ഏക്രഭൂമി അനുവദിച്ചത്. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന തർക്കത്തെ ഉപയോഗിച്ച് തുടർന്ന് വന്ന യുഡിഎഫ് സർക്കാർ എൽഡിഎഫ് തീരുമാനം റദ്ദാക്കുകയും പകരം കണ്ണൂരിൽ ചതുപ്പ് നിലത്ത് കേവലം 14 ഏക്രഭൂമി അനുവദിക്കുകയുമാണുണ്ടായത്. യു.ഡി.എഫ് സർക്കാർ തീരുമാനത്തിനെതിരെ സ്ഥലമുടമകൾ കേസിന് പോകുകയും തുടർന്നുള്ള പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. തുടർന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഇടത് സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്തത്.

സർവ്വകലാശാല സെൻട്രൽ ലൈബ്രറിക്ക് കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക്, അക്കാദമിക്ക് സ്റ്റാഫ് കോളേജ് ഉൾപ്പെടെയുള്ള സംവിധാനമുണ്ടാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ തറക്കല്ലിട്ടത് എൽഡിഎഫ് കാലത്തായിരുന്നു. ലൈബ്രറി കെട്ടിടത്തിന് വേണ്ടി 25 കോടി രൂപയും അക്കാദമിക് ബ്ലോക്കിന് 12 കോടി രൂപയും അനുവദിച്ചത് എൽഡിഎഫ് സർക്കാറായിരുന്നു. ലൈബ്രറി കെട്ടിടത്തിന്റെ രണ്ട് നിലവരെയുള്ള പണി പൂർത്തിയാക്കിയതും മുൻ സിൻഡിക്കേറ്റ് കാലത്തായിരുന്നു. അക്കാദമിക് ബ്ലോക്കിനു വേണ്ടി നിശ്ചയിച്ച കെട്ടിടം ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാക്കി മാറ്റുകയാണ് പുതിയ സിൻഡിക്കേറ്റും വിസിയും ചെയ്തത്.

നാക്ക് (NAAC) അക്രഡിറ്റേഷന് വേണ്ടിയാണ് ധൃതിപിടിച്ച് ആസ്ഥാനം മാറ്റുന്നതെന്ന സർവ്വകലാശാല വാദം പെരും നുണയാണ്. നാക്കിന്റെ അക്രഡിറ്റേഷന് ആദ്യം വേണ്ടത് കൃത്യമായ ലൈബ്രറി സംവിധാനമാണ്. സ്ഥിരം അധ്യാപകരും ഇതിനായുണ്ടാവണം. ഇതൊന്നുമില്ലാതെ ചഅഅഇന് അപേക്ഷ പോലും നൽകാനാവില്ല. നാക്കിന്റെ പരിശോധനക്കുള്ള അപേക്ഷ പോലുംനാളിതുവരെയായി നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അക്കാദമിക് ബ്ലോക്കുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് നാക്ക് അക്രഡിറ്റേഷന് തടസ്സമല്ല എന്നാണ് മറ്റ് സർവ്വകലാശാലകളുടെ അനുഭവം തെളിയിക്കുന്നത്. സർവ്വകലാശാലക്ക് നിലവിൽ കെട്ടിടമുണ്ടായിരിക്കേ ലൈബ്രറി അക്കാദമിക് ബ്ലോക്കുകളുടെ കെട്ടിടങ്ങളുണ്ടാക്കുന്നതിന് പകരം ആസ്ഥാന മന്ദിരത്തിന് വീണ്ടും കെട്ടിടമുണ്ടാക്കുന്നത് ധൂർത്തും അധികാര ദുർവ്വിനിയോഗവുമാണ്. സെനറ്റ് ഹാൾ ഉൾപ്പെടെയുള്ള നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗശൂന്യമാകുകയും ചെയ്യും.

 

 

കണ്ണൂർ എം പിക്ക് സർവ്വകലാശാലയുടെ താവക്കര കെട്ടിടങ്ങൾക്ക് ഒരവകാശവാദവും ഉന്നയിക്കാനാവില്ല. കേന്ദ്ര സർക്കാർ ഒരു രൂപ പോലും ഇതിനായി വിനിയോഗിച്ചിട്ടില്ല. യുജിസിക്ക് കണ്ണൂർ എം പി ഒരു നിവേദനം പോലും നൽകിയിട്ടില്ല. ഇടത് സിന്റിക്കേറ്റിന്റേയും എൽഡിഎഫ് സർക്കാറിന്റേയും  ശ്രമഫലമായി ഉണ്ടായ നേട്ടത്തെ തന്റെ പട്ടികയിൽ എഴുതി ചേർക്കാനുള്ള കണ്ണൂർ എം പിയുടെ ശ്രമം പരിഹാസ്യമാണ്. അതിന് കൂട്ടുനിൽക്കുന്ന സർവ്വകലാശാല അധികൃതർ സങ്കുചിത രാഷ്ട്രീയമാണ് കളിക്കുന്നത്.