ജില്ലാപഞ്ചായത്തിനെതിരായി കോൺഗ്രസ് നടത്തിയ സമരം വികസനം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയപ്രേരിതവുമാണ്.  പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ട് രണ്ടരമാസമായിട്ടേ ഉള്ളൂ.  ഈ ദിവസങ്ങൾക്കകം വിഷരഹിത പച്ചക്കറിയുൾപ്പെടെ ശ്രദ്ധേയമായ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  നാലേമുക്കാൽ വർഷമായി കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാർ വികസനമുരടിപ്പിലും കടക്കെണിയിലും സാർവ്വത്രിക അഴിമതിയിലുമാണ് കേരളത്തെ കൊണ്ടെത്തിച്ചത്.  വിലക്കയറ്റം പാരമ്യത്തിലെത്തിയ കാലമാണ് യുഡിഎഫ് ഭരണകാലം.  റബ്ബർ ഉൾപ്പെടെ എല്ലാ കാർഷികോല്പന്നങ്ങൾക്കും വിലയിടിഞ്ഞു.  പൊതുമേഖല തകർത്ത് ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി തൊഴിലുള്ളവരെപ്പോലും തൊഴിൽരഹിതരാക്കിയും നിയമനനിരോധനം നടപ്പാക്കിയുമാണ് ഉമ്മൻചാണ്ടിയുടെ ഭരണം.  യുഡിഎഫ് ഭരണത്തിനെതിരായി ഉയർന്നുവരുന്ന ജനവികാരത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സമരാഭാസമാണ് നടത്തിയത്.  ക്രിമിനലുകൾ പഞ്ചായത്ത് ഭരിക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം വ്യാപകമായി പ്രചരിപ്പിച്ചതാണ്.  വോട്ടർമാർ തിരസ്‌ക്കരിച്ച പഴയ പല്ലവിയാണ് വീണ്ടും പാടുന്നത്.  മമ്പറം ദിവാകരൻ അടക്കമുള്ള കോൺഗ്രസ്സുകാരും നിരവധി ബിജെപി നേതാക്കന്മാരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിനുശേഷം മത്സരിച്ചവരാണ്.  ഇക്കാര്യം കോൺഗ്രസ് നേതൃത്വം മറന്നാലും ജനങ്ങൾ മറന്നിട്ടില്ല.  ജില്ലാ പഞ്ചായത്തിൽ ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല.  ഭരണസമിതി യോഗവും സ്റ്റാന്റിങ്ങ് കമ്മിറ്റി യോഗങ്ങളും കൃത്യമായി നടന്നിട്ടുണ്ട്.  കോൺഗ്രസ്സുകാരായ യുഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ യാതൊരാക്ഷേപവും ഉന്നയിച്ചിട്ടില്ല.  കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കള്ളക്കേസിൽ പ്രതിയാക്കിയതാണ്.  ഫസലിന്റെ ബന്ധുക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  ഇത്തരം സമരം നടത്തുന്നവർ പുനരന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്.  കേരളത്തെ വികസന മുരടിപ്പിലേക്കും ഭരണസ്തംഭനത്തിലേക്കും എത്തിച്ചവർ ജില്ലാ പഞ്ചായത്തിനെതിരായി നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

എം.വി. ജയരാജൻ