കണ്ണൂർ : പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ അറിയിച്ചു. പി ജയരാജൻ നിരപരാധിയാണ്. നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ കഴിയും. 1999ലെ ഓണം നാളിൽ ആർഎസ്എസ് വധശ്രമത്തിൽ ഗുരുതര പരിക്കേറ്റ, ഹൃദ്രോഗബാധിതൻകൂടിയായ ജയരാജന്റെ ശാരീരിക അവശതകളും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ജാമ്യം ലഭിക്കുന്നതിനുള്ള എല്ലാശ്രമവും നടത്തും. 

നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ നടപടിയിൽ കടുത്ത അമർഷം ജനങ്ങളിലുണ്ട്. തികച്ചും രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണിതെന്ന് ജനങ്ങൾക്കറിയാം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഞങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആശുപത്രിയിൽ കിടക്കുന്ന പി ജയരാജനെ  ജാമ്യത്തിലിറക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.