കണ്ണൂർ : സിപി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസിൽ കുടുക്കി പ്രതിയാക്കിയ സി ബി ഐ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച വൈകിട്ട് പ്രകടനം നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ പ്രേരിതമായി പി ജയരാജനെ പ്രതിചേർത്തത്  നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കമ്മിറ്റി പ്രഖ്യാപിച്ചു.

കതിരൂർ സംഭവത്തിന്റെ പേരിൽ പി ജയരാജന്റെയും മറ്റുള്ളവരെയുടെയും  പേരിൽ  ബോധപൂർവം കള്ളക്കേസ്സെുടുക്കുകയാണ് ചെയ്തത്. അന്വേഷണ ഏജൻസി   508 ദിവസം അന്വേഷിച്ചിട്ടും ജയരാജനെതിരെ ഒരു തെളിവും കോടതിയിൽ ഹാജരാക്കാനായില്ല.  ജനുവരി 18ന് മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തപ്പോഴും  ജയരാജൻ പ്രതിയല്ലെന്നാണ് സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ എന്ത് പുതിയ തെളിവാണ് സിബിഐക്ക് കിട്ടിയത്?. ജയരാജനെ 25ാം പ്രതിയാക്കി, സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർടിൽ പുതുതായി ഒരു കാര്യവും പറയുന്നില്ല. നേരത്തെ സമർപിപ്പിച്ച കുറ്റപത്രത്തിൽ മറ്റ് പ്രതികളുടെ മേൽ ആരോപിക്കപ്പെട്ട  കുറ്റം മാത്രമാണ്  ജയരാജനെതിരെയും കെട്ടിച്ചമച്ചിട്ടുള്ളത്. 

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുമ്പോഴാണ് ജയരാജന്റെ പേരിൽ കള്ളക്കേസിൽ പ്രതിയാക്കിയത്.   സംഘപരിവാർ നേതൃത്വം ബോധപൂർവം സിബിഐയെ ചട്ടുകമാക്കി, ജാഥാ ദിവസം തന്നെ പ്രതിയാക്കുകയായിരുന്നു.  

കതിരൂർ കേസിൽ സിപിഐ എം നേതൃത്വത്തിലുള്ളവരെ പ്രതികളാക്കുമെന്നത്  ആർഎസ്എസ് ചിന്തൻ ബൈഠക്കിൽ എടുത്ത തീരുമാനമാണ്. ഇത് നടപ്പിലാക്കുന്നതിനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ, ജില്ലയിലെ ആർഎസ്എസ് സംഘം മനോജിന്റെ കുടുംബത്തോടൊപ്പം പോയി കണ്ടത്. ആർഎസ്എസ് സമ്മർദ്ദത്തിന് കീഴടങ്ങി സിബിഐ പ്രവർത്തിക്കുകയായിരുന്നു.  രണ്ട് തവണ അന്വേഷണ സംഘം കോടതിയിൽ പി ജയരാജൻ പ്രതിയല്ലെന്ന് പറഞ്ഞിരുന്നു. ഇത്് കോടതിയിൽ  രേഖപ്പെടുത്തിയതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പാണ് ജയരാജനെ സിബിഐ  പ്രതിയാക്കിയത്.  അസാധാരണമായ രാഷ്ട്രീയ ഇടപെടലാണ് കതിരൂർ സംഭവത്തിൽ ഉണ്ടായിരിക്കുന്നത്. 

സമാന രീതിയിൽ കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട്  സിപിഐ എം പയ്യന്നൂർ ഏരിയാസെക്രട്ടറി ടി ഐ മധുസൂദനനെയും ചോദ്യം ചെയ്യാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു.  ജയരാജനെ പോലെ മധുസൂദനനും ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യുന്നതിന് നോട്ടീസ് കൊടുത്ത ദിവസം തന്നെയാണ് മധുസൂദനൻ പ്രതിയാണെന്ന് റിപ്പോർട്ട് നൽകിയത്. മധുസൂദനൻ കോടതിയിൽ ഹാജരാവുകയും ജാമ്യ ഹർജി സമർപ്പിക്കുകയും ചെയ്തു. കോടതി മധുസൂദനന് ജാമ്യം അനുവദിച്ചു.  എന്നാൽ ഇതുവരെയായി മധുസൂദനനെ ചോദ്യം ചെയ്തില്ല. ചോദ്യം ചെയ്യാനെന്ന പേരിൽ നോട്ടീസ്  നൽകുകയോ, വിളിച്ചുവരുത്തുകയോ ചെയ്താൽ പ്രതിയാക്കുന്ന ശീലമാണ് സിബിഐയുടേത്. ഈ കേസിൽ കുറ്റപത്രത്തോടൊപ്പം സാക്ഷിപ്പട്ടികയിൽ പേരുള്ള ഒരാളെ പ്രതിയാക്കിയ അപൂർവ സംഭവവുമുണ്ടായി. കതിരൂർ കേസ് സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് കൈകാര്യം ചെയ്തതെന്നും ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാസെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ എന്നിവർ സംസാരിച്ചു.