ആർ.എസ്.എസ് ന്റെ അഖിലേന്ത്യാ നേതൃത്വം നൽകുന്ന സഹായങ്ങൾ അവസാനിപ്പിച്ചാൽ തന്നെ കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.

കണ്ണൂരിലെ അക്രമങ്ങൾ ആർ.എസ്.എസ് ക്രിമിനലുകൾ മാത്രം ചെയ്യുന്നതല്ല. ഇത്തരം അക്രമങ്ങൾ അഖിലേന്ത്യ നേതൃത്വം തന്നെ ആസൂത്രണം ചെയ്യുന്നതാണ്. ആയുധ പരിശീലനം, സാമ്പത്തിക സഹായം ഇതെല്ലാം ചെയ്യുന്നത് നേതൃത്വം തന്നെയാണ്. ഈ സമീപനത്തിൽ നിന്ന് നേതൃത്വം മാറ്റം വരുത്തിയാൽ തന്നെ സംഘർഷങ്ങൾ അവസാനിക്കും. കോടിക്കണക്കിന് രൂപയാണ് ആർ.എസ്.എസ് ന്റെ അഖിലേന്ത്യാ നേതൃത്വം സംഘർഷം വളർത്തുന്നതിന്  ഇതിനകം നൽകിയത്. ഇതിന്റെ സ്പഷ്ടമായ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. ലഭിച്ച സാമ്പത്തിക സഹായം നേതാക്കന്മാർ തട്ടിയെടുത്തത് സംബന്ധിച്ചുള്ള ആക്ഷേപമാണ് സംഘപരിവാരത്തിലെ പൊട്ടിത്തെറിക്കു വഴിവെച്ചതിലുള്ള പ്രധാന കാരണം. ഇങ്ങനെ സാമ്പത്തിക സഹായങ്ങൾ നൽകുന്നതാണ് അക്രമങ്ങൾ വർദ്ധിക്കാൻ കാരണം. ഒരു തരം സാമൂഹ്യവിരുദ്ധ സംഘമായി കണ്ണൂരിലെ ആർ.എസ്.എസ് മാറിയിരിക്കുകയാണ്. ക്വട്ടേഷൻ സംഘങ്ങളാണ് ആർ.എസ്.എസ് ന്റെ നേതൃത്വത്തിൽ വളർന്നു വന്നിട്ടുള്ളത്. ഇങ്ങനെ ക്വട്ടേഷൻ സംഘങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്ന ആക്ഷേപം ആർ.എസ്.എസ് കാരിൽ തന്നെ വളർന്നു വന്നിട്ടുണ്ട്. ഇതിനെല്ലാം എതിരായ പൊട്ടിത്തെറിയാണ് ആർ.എസ്.എസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്കിന് കാരണം. ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ മനപൂർവ്വം അക്രമങ്ങൾ നടത്തുന്നത് അഖിലേന്ത്യാ നേതൃത്വത്തിന്റെ സാമ്പത്തികസഹായം പ്രതീക്ഷിച്ചു കൊണ്ടാണ്. അതായത് കണ്ണൂരിലെ സംഘർഷം വളർത്തുന്നതിന് അഖിലേന്ത്യാ നേതൃത്വം നൽകുന്ന സാമ്പത്തിക സഹായം ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു എന്നർത്ഥം. ഇങ്ങനെ സഹായം ചെയ്യുന്നത് നിർത്തിയാൽ തന്നെ അക്രമങ്ങൾ ഒരു പരിധി വരെ അവസാനിപ്പിക്കാൻ കഴിയും.

കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ അശാന്തി ഉണ്ടാക്കുന്നതിന് അക്രമങ്ങൾ സംഘടിപ്പിക്കണമെന്നാണ് മോഹൻ ഭാഗവത് പങ്കെടുത്ത കണ്ണൂർ ബൈഠക് തീരുമാനിച്ചതായി വാർത്തകൾ വന്നത്. ഇത്തരം സമീപനങ്ങൾ അഖിലേന്ത്യാ നേതൃത്വം തിരുത്തിയാൽ തന്നെ സമാധാനം ഉറപ്പു വരുത്താനാവും. അതിന് തീരുമാനമെടുത്ത് പരസ്യമായി പ്രഖ്യാപിക്കാൻ ആർ.എസ്.എസ് നേതൃത്വം തയ്യാറുണ്ടോ എന്നും പ്രസ്താവനയിൽ ചോദിച്ചു.

സി.പി.ഐ(എം) അധ്വാനിക്കുന്ന വർഗത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയാണ്. ഭരണവർഗ ജനദ്രോഹനയങ്ങൾക്കെതിരായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളും, സമരങ്ങളും സംഘടിപ്പിക്കാനാണ് പാർട്ടി ശ്രമിച്ചു വരുന്നത്.  പ്രസ്ഥാനത്തിനെതിരായി വരുന്ന നാനാവിധ അക്രമങ്ങളെ ജനപിന്തുണയോടു കൂടി പരാജയപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. അത് കൊണ്ട് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കുന്നതിന് നടത്തുന്ന ഏതൊരു ശ്രമത്തേയും പാർട്ടി പിന്തുണക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.