കണ്ണൂർ : ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി കെ നിഷാദിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു..

ജില്ലയിലെ പോലീസ് സംവിധാനം സി പി ഐ (എം) നെ അടിച്ചമർത്താനുള്ള നീക്കത്തിലാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൂടുതൽ പാർടി പ്രവർത്തകരെ ഇത്തരത്തിലുള്ള നടപടിക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം. ഇത്  ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് നൽകാൻ പാർടി ആഗ്രഹിക്കുന്നു. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുപോലുള്ള നടപടികൾ പോലീസ് കൈക്കൊണ്ടിരുന്നു. അന്ന് ഗുണ്ടാ ആക്ട് മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് നിയമ വിരുദ്ധമായി നോട്ടീസ് നൽകാനും ജില്ലാ പോലീസ് മേധാവി തയ്യാറായി. കോൺഗ്രസിനെ പ്രീതിപ്പെടുത്താനും സി പി ഐ (എം) ന്റെ പ്രവർത്തനത്തെ നിശ്ചലമാക്കാനുമുള്ള ഈ നീക്കങ്ങളൊന്നും വിജയിച്ചില്ല. മാത്രമല്ല തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വമ്പിച്ച വിജയമാണ് ജനങ്ങൾ നൽകിയത്. എന്നാൽ ഇപ്പോൾ വീണ്ടും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുണ്ടാ ആക്ടിന്റെ ദുർവിനിയോഗവുമായി പോലീസ് മുന്നോട്ട് വരികയാണ്. ഇത് തുടർന്നാൽ ജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭവുമായി സി പി ഐ (എം) രംഗത്തെത്തും.

വി കെ നിഷാദിനെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായ നടപടിയിലൂടെയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥക്ക് വിധേയമായി നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോയ അവസരത്തിലാണ് പയ്യന്നൂർ സി ഐ അവിടെ നിന്നും കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചത്.

ജില്ലയിലെ വിവിധ മേഖലകളിൽ ഇനിയും പാർടി പ്രവർത്തകന്മാരുടെ ലിസ്റ്റ്  പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഏകപക്ഷീയമായ ഇത്തരം നടപടികൾ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള പാർടിയുടെ സ്വാതന്ത്ര്യത്തെ തന്നെ തടയുന്നതാണ്. അതിനാൽ ഇത്തരം നീക്കങ്ങളിൽ നിന്ന് പോലീസ് പിന്തിരിയണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകുന്നു.