കണ്ണൂർ : ഇന്ത്യൻ മാർഷ്യൽ ആർട്‌സ് അക്കാദമി & യോഗ സ്റ്റഡി സെന്റർ എന്ന സംഘടന 2014 നവംബർ മാസത്തിലാണ് കണ്ണൂർ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്യ്തത്. ഇന്ത്യ മുഴുവൻ പ്രവർത്തന പരിധി ഉള്ള സംഘടനയാണ് ഇത്. ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിനും രോഗമുക്തമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കുന്നതിനും ആണ് ഈ സംഘടന ലക്ഷ്യമിടുന്നത്. സ്വാന്ത്വന പരിചരണ മേഖലയിലെ പഠനത്തിലും പരിചരണത്തിലും പ്രവർത്തനത്തിലും വിപുലീകരണത്തിനും വേണ്ടി ഈ സംഘടന പ്രവർത്തിക്കും. പ്രായഭേദമന്യേ കുട്ടികളെയും സ്ത്രീകളെയും പുരുഷൻമാരെയും അസോസിയേഷന്റെ നിയമാവലി അംഗീകരിക്കുന്നവർക്ക് കരാട്ടെ, കളരി, കുങ്ഫു, വുഷു, കുബുഡോ, തൈക്കോണ്ടോ, യോഗ, ബ്രീത്തിംഗ് എക്‌സർസൈസ്, കിക്ക് ബോക്‌സിംഗ്, ബോക്‌സിംഗ്, റെസ്‌ലിങ്ങ്, ജുഡോ, ജിംനേഷ്യം എന്നിവയിൽ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. കായിക പരിശീലനത്തിലൂടെ സ്‌നേഹവും മതസൗഹാർദ്ദവും സമാധാനവും വളർത്തി ദേശീയോദ്ഗ്രഥനത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

ഈ സംഘടന ആദ്യമായി കേരള സംസ്ഥാന അടിസ്ഥാനത്തിൽ 2016 ജനുവരി 3-നു ഞായറാഴ്ച 4 മണിക്ക്  കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് ഒരു സംസ്ഥാനതല യോഗ പ്രദർശനം സംഘടിപ്പിക്കുകയാണ്. പ്രസ്തുത പരിപാടി ലോക പ്രശസ്ത യോഗാചാര്യൻ ശ്രീ എം ഉദ്ഘാടനം ചെയ്യുന്നു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1000 യോഗ പരിശീലിച്ച ആളുകളാണ് പങ്കെടുക്കുക. കേരളത്തിലെ പ്രധാനപ്പെട്ട യോഗാചാര്യൻമാർ ചേർന്ന് തയ്യാറാക്കിയ സിലബസാണ് ഈ സംഘടന പരിശീലനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത്. ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വികാസത്തിനും സംരക്ഷണത്തിനും വളർച്ചക്കും ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ് യോഗ. ഭാരതം ലോകത്തിനു നൽകിയ സമഗ്രമായ പരിശീലന പദ്ധതിയാണ് യോഗാശാസ്ത്രം. ഇത് തികച്ചും ശാസ്ത്രീയമായതും ഇന്നും എന്നും പഠിക്കപ്പെടേണ്ടതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ സമഗ്ര ശാസ്ത്ര ശാഖയാണ്. ജാതി, മത, വർഗ്ഗ, ലിംഗ വ്യത്യാസമില്ലാതെ ആന്തരികവും ബാഹ്യവുമായ സൗഖ്യം പ്രദാനം ചെയ്യുന്നതുമായ ഈ ശാസ്ത്രം പരിശീലിക്കുന്ന ഒരുവന് ലഭിക്കുന്ന സൗഖ്യം അവനവനും സഹജീവികൾക്കും നന്മ മാത്രം പ്രദാനം ചെയ്യുന്നതുമാണ്. യോഗ സാർവ്വത്രികമാണ്. 

യോഗ പ്രദർശനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗ ന്യൂസ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ഡിസംബർ 24-നു രാവിലെ 12.30-നു ഇന്ത്യൻ വോളീബോൾ മുൻ ക്യാപ്റ്റൻ ജോബ് ജോസഫ് പ്രകാശനം ചെയ്യും.

സംഘാടക സമിതി ഓഫീസ് കണ്ണൂർ എൻ ജി ഒ ബി1ൽഡിങ്ങിൽ ഡിസംബർ 26-നു രാവിലെ 11 മണിക്ക് കണ്ണൂർ കോർപ്പറേഷൻ മേയർ ഇ പി ലത ഉൽഘാടനം ചെയ്യും. പരിപാടിയുടെ പ്രചരണാർത്ഥം 2016 ജനുവരി 2-നു വൈകുന്നേരം 4 മണിക്ക് കൂട്ടയോട്ടം സംഘടിപ്പിക്കും. കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ച് ടൗൺ സ്‌ക്വയറിൽ സമാപിക്കും. പരിപാടിക്ക് മുഴുവനാളുകളുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.

സ്വാഗതസംഘം ഭാരവാഹികളായ പി കെ ശ്രീമതി ടീച്ചർ എം പി, പി ജയരാജൻ, അക്കാദമി ചെയർമാൻ അഡ്വ: ബി ബാലചന്ദ്രൻ, അക്കാദമി സെക്രട്ടറി കെ പി രാജഗോപാലൻ, ഡോ: യോഗാചാര്യൻ, ഡോ: ഇ രാജീവൻ, ഡോ: സി വിജയൻ, യോഗാചാര്യന്മാരായ കെ ഗോവിന്ദൻ, ജയൻ മാനന്തേരി എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.