കണ്ണൂർ : ധർമ്മടം സ്വാമിക്കുന്നിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ ഉത്തരവാദികളായ ആർ എസ് എസുകാർക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

നാട്ടിൽ അശാന്തി പടർത്താനുള്ള മോഹൻ ഭാഗവതിന്റെ കണ്ണൂർ ബൈഠക്കിന്റെ തീരുമാനനുസരിച്ച് ബോംബ് പൊട്ടിത്തെറിച്ചാണ് മത്സ്യ തൊഴിലാളി സജീവൻ കൊല്ലപ്പെട്ടത്. ഉച്ചക്ക് 12 മണിക്ക് നടന്ന സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് വിജന മായ കുന്നിൻ പ്രദേശത്തേക്ക് ഓടിയെത്തിയ ആളുകളെ തേനീച്ച കുത്തിയതാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മാറ്റാനാണ് ആർ എസ് എസുകാർ ശ്രമിച്ചത്. ഈ തക്കം നോക്കി അവിടെ നിന്നും, നിർമ്മിച്ച ബോംബുകൾ സ്ഥലം മാറ്റിയിരിക്കാനാണ് സാധ്യത. ഈ പ്രദേശത്ത് ആയുധ നിർമ്മാണം നടത്തുന്നതിന് വേണ്ടി അസമയത്ത് പോലും അന്യ പ്രദേശങ്ങളിൽ നിന്ന് ആർ എസ് എസുകാർ എത്തുന്ന കാര്യം നാട്ടുകാർ ധർമ്മടം പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒരു നടപടിയും പോലീസ് എടുത്തിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ബോംബ് നിർമ്മിച്ച ആർ എസ് എസുകാരെ കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടി പോലീസ് അധികാരികൾ കൈക്കൊള്ളണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.