കണ്ണൂർ : കുമ്മനം രാജശേഖരൻ ബി ജെ പി സംസ്ഥാന പ്രസിഡണ്ടായതിനെ തുടർന്ന് നടത്തുന്ന വർഗ്ഗീയ പ്രചരണങ്ങളെകുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കണ്ണൂർ സംഘപരിവാരത്തിലെ കൊഴിഞ്ഞുപോക്കിന് കാരണം ആർ എസ് എസ് തുടരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന്റെ ഫലമാണ്. ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിൽ ആർ എസ് എസ് ശൈലി പൊരുത്തപ്പെടില്ല. ഈ വൈരുധ്യമാണ് കണ്ണൂർ സംഘപരിവാരത്തിലെ പൊട്ടിത്തെറിക്ക് കാരണം. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഗോപാലകൃഷ്ണൻ എന്ന ആർ എസ് എസ് പ്രവർത്തകനെ ചുമതലപ്പെടുത്തിയതായാണ് വാർത്ത. കണ്ണൂരിൽ സംഭവിച്ചത് അത് മാത്രമല്ല. ദീർഘകാലം സംഘപരിവാറിന്റെ ഭാഗമായി പ്രവർത്തിച്ച നൂറ് കണക്കിന് ആളുകൾ സി പി ഐ (എം) ന്റെ ഭാഗമായി എന്നത് കൂടിയാണ്. ജനാധിപത്യവൽക്കരിക്കപ്പെട്ട ഇടങ്ങളിൽ ആർ എസ് എസ് നടത്തുന്ന അക്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ സി പി ഐ (എം) ആണ് പ്രവർത്തിച്ചത്. കോൺഗ്രസ് ആവട്ടെ ആർ എസ് എസുമായി രഹസ്യ ബാന്ധവമുണ്ടാക്കി. ഇത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ഒ കെ വാസുവും എ അശോകനും ഉൾപ്പെടെയുള്ളവർ കോൺഗ്രസ് നേതാക്കൾ മാടി വിളിച്ചിട്ടും അങ്ങോട്ട് പോവാതിരുന്നത്. തങ്ങൾ പിന്തുടരുന്ന അപകടകരമായ രാഷ്ട്രീയം തെറ്റാണെന്ന് ബോധ്യപ്പെടുക മാത്രമല്ല ജനസേവനത്തിന്റെ രാഷ്ട്രീയം സി പി ഐ (എം)-ന്റെതാണ് എന്ന് അവർ തിരിച്ചറിയുക കൂടി ചെയ്തു ആർ എസ് എസ്-ന്റെ പ്രവർത്തന ശൈലിയിൽ അസംതൃപ്തരയ നിരവധി പേർ ഇപ്പോഴും സംഘ താവളത്തിലുണ്ട്. സംഘ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന അത്തരക്കാർക്കെതിരെ ഊരുവിലക്ക് ഏർപ്പെടുത്തുകയാണ്. അതുകൊണ്ടൊന്നും കൊഴിഞ്ഞ് പോക്ക് തടയാൻ ആർ എസ് എസ് നേതൃത്വത്തിന് ആവില്ല. അത്തരക്കാരും സി പി ഐ (എം) നെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. കാരണം. ഹിന്ദുക്കൾ ഉൾപ്പെട്ട എല്ലാവരുടെയും ക്ഷേമത്തിനാണ് സി പി ഐ (എം) പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവ് അത്തരക്കാർക്ക് ഉണ്ടാവുന്നുണ്ട്. അത് തടയാൻ അക്രമം കൊണ്ടോ ഭീഷണി കൊണ്ടോ കഴിയില്ലെന്ന് ആർ എസ് എസ് നേതൃത്വം തിരിച്ചറിയണം. 

അന്യ മതസ്ഥരുടെ സ്ഥലം അനധികൃതമായി കൈയ്യേറി ക്ഷേത്രമുണ്ടാക്കുക. അതിനെ വ്യാപാരവൽക്കരിക്കുകയും വർഗ്ഗീയവൽക്കരണത്തിന്റെ വേദിയാക്കി മാറ്റുകയുമാണ് ആർ എസ് എസ് ചെയ്യുന്നത്. 

മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണ് ഇത്തരം വർഗ്ഗീയ പ്രസ്താവനകൾ. മോദി സർക്കാരിന്റെ സ്ഥാനാരോഹണത്തെ തുടർന്ന് പുറത്ത് വിട്ട മത സെൻസസ് റിപ്പോർട്ട് മത ന്യൂനപക്ഷങ്ങൾക്കെതിരായി ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങൾക്ക് ശക്തി പകരാൻ വേണ്ടിയാണ്. ന്യൂനപക്ഷ മതസ്ഥരുടെ ജനസംഖ്യ വർദ്ധനവ് തടയുന്നതിന് നിർബന്ധിത ഭ്രൂണഹത്യ നടപ്പാക്കാൻ വേണ്ടി ഡോക്ടർമാരെയടക്കം ഉപയോഗപ്പെടുത്താൻ ആർ എസ് എസ് തീരുമാനിച്ചതായാണ് വാർത്ത. ഈ നിയമ വിരുദ്ധ പ്രവർത്തനം സംബന്ധിച്ച് വാർത്ത വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം.

ഇന്ത്യയിലെ വിവിധ സാമുഹ്യ വിഭാഗങ്ങളിൽ പെട്ടവർ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ വളരെയധികം പിന്നോക്കമാണ്. അതിൽ തന്നെ ഏറ്റവും പിന്നോക്കമാണ് പട്ടികജാതി, പട്ടികവർഗ്ഗം. ഇത് മറച്ച് വെക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയെ കുറിച്ചുള്ള റിപ്പോർട്ട്. രാജ്യത്ത് ആകെയുള്ള ഹിന്ദു ജനസംഖ്യ 2001-ൽ നിന്ന് 2011-ൽ 138 ദശലക്ഷമാണ് വർദ്ധിച്ചത്. ഇത് 2011-ലെ ആകെ മുസ്ലീം ജനസംഖ്യക്ക് തുല്ല്യമാണ്. 2 ദശകങ്ങളിലെ മുസ്ലീം ജനസംഖ്യാ വർദ്ധനവിലെ കുറവ് ഹിന്ദു ജനസംഖ്യ വളർച്ചാതോതിലെ കുറവിനേക്കാൾ കൂടുതലാണ്. യഥാർത്ഥത്തിൽ നാനാജാതി മത വിഭാഗത്തിൽപെട്ട ജനങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരികവുമായ വളർച്ചയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആഗ്രഹിക്കേണ്ടതും അതിനായി  പ്രവർത്തിക്കേണ്ടതും. എന്നാൽ സ്വാതന്ത്ര്യം നേടിയ ശേഷം കേന്ദ്രം ഭരിച്ച കോൺഗ്രസോ ഇടക്കാലത്ത് ഭരണം നടത്തിയ ബി ജെ പിയോ അതിനല്ല ശ്രമം നടത്തിയത്. വി പി സിങ്ങ് സർക്കാരിന്റെ കാലത്താണ് മണ്ഡൽ കമ്മീഷൻ ശുപാർശ നടപ്പിലാക്കിക്കൊണ്ട് ഇതിന് തുടക്കമിട്ടത്. ആ സർക്കാരിനെ തകർക്കാൻ കോൺഗ്രസും ബി ജെ പിയും കൈകോർക്കുകായാണ് ചെയ്തത്. ഇപ്പോഴാവട്ടെ ആർ എസ് എസ് പ്രചാരകനായ മോഡി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ പുരോഗതിക്കായി യാതൊന്നും ചെയ്യാതെ രാജ്യത്ത് ഉടനീളം മതപരമായ ശത്രുത വളർത്താൻ ശ്രമിക്കുകയാണ്. ആ അജണ്ടയാണ് കണ്ണൂരിൽ കൂടുതൽ ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. മത നിരപേക്ഷ ജനാധിപത്യ ശക്തികൾ ഈ നീക്കങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. 

ഹിന്ദു ആരാധനാലയങ്ങളുടെ പരിസരത്ത് അന്യ മതസ്ഥരുടെ കച്ചവട സ്ഥാപനങ്ങൾ ബലം പ്രയോഗിച്ച് ഒഴിവാക്കാനുള്ള സംഘപരിവാറിന്റെ തീരുമാനത്തിനു കുമ്മനം പച്ചക്കൊടി വീശിയിരിക്കുകയാണ്. ക്ഷേത്ര ഭരണസമിതികളെ ഉപയോഗിച്ച് ഇതിനായുള്ള ശ്രമം നടത്തുമെന്നാണ് സൂചന. വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കൾ പോലും കൈയ്യേറുമെന്നാണ് ആർ എസ് എസ് പറയുന്നതിന്റെ അർത്ഥം. ഇത്തരം നീക്കങ്ങളെ സി പി ഐ (എം) എന്ത് വില കൊടുത്തും പരാജയപ്പെടുത്തും.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള കേന്ദ്രങ്ങളിൽ അക്രമണം നടത്തി അശാന്തി വിതറുമെന്നും സംഘപരിവാർ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തന്ത്രമാണ് കണ്ണൂരിൽ രൂപപ്പെടുത്തിയത്.

ആരാധനാലയങ്ങളിലൂടെ വർഗ്ഗീയ പ്രചരണം നടത്താനും ആർ എസ് എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംഘപരിവാറിന്റെ ഭാഗമായ ഭാരതീയ വിചാര കേന്ദ്രം ആത്മീയ പ്രഭാഷകരെ ഒരുക്കുന്നുണ്ട്. വിശ്വാസികൾ ഒത്തുചേരുന്ന സന്ദർഭങ്ങളിൽ ആത്മീയ പ്രഭാഷത്തിന്റെ മറവിൽ മത ഭ്രാന്ത് പ്രചരിപ്പിക്കാനുള്ള നീക്കം നിയമ വിരുദ്ധവും ശിക്ഷാർഹവുമാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ച് മാനവിക ഐക്യം ഉത്‌ഘോഷിക്കുന്ന സാംസ്‌കാരിക പരിപാടികൾ  സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മിറ്റികൾ മുന്നോട്ട്  വരണമെന്നും ആർ എസ് എസിന്റെ ഈ നീക്കത്തിനെതിരെ ക്ഷേത്ര കമ്മിറ്റികളും ക്ഷേത്ര വിശ്വാസികളും ജാഗ്രത പുലർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.