കണ്ണൂർ : തളിപ്പറമ്പിലെ ലീഗ് ഓഫീസ് അക്രമത്തിന് പിന്നിൽ സി പി ഐ (എം) ആണെന്ന കോൺഗ്രസ് നേതാവ് സുധാകരന്റെ പ്രസ്താവന തളിപ്പറമ്പിൽ തീവ്രവാദി വിഭാഗത്തെ പ്രോത്സാഹിപ്പിച്ച് നാടിന്റെ സമാധാനം തകർക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്നതാണ്.

ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ച് തകർത്തത്. ഇതേ തുടർന്ന് ലീഗിന്റെ നേതാക്കൾ എസ് ഡി പി ഐ പ്രവർത്തകരുടെ പേര് ഉൾപ്പെടുത്തി തളിപ്പറമ്പ പോലീസിൽ പരാതി നൽകുകയുണ്ടായി. മാത്രവുമല്ല ഞായറാഴ്ച പകൽ 11 മണിക്ക് എസ് ഡി പി ഐക്ക് എതിരെ തളിപ്പറമ്പ ടൗണിൽ ലീഗുകാർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് എസ് ഡി പി ഐ അനുഭാവികളുടെ 2 വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ പോലീസ് നോക്കി നിൽക്കേ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇത്രയും വസ്തുതകൾ നിലനിൽക്കെയാണ് ലീഗ് ഓഫീസ് തകർത്തത്   സി പി ഐ (എം) കാരാണ് അക്രമിച്ചതെന്ന നുണ പ്രചരണവുമായി കോൺഗ്രസ് നേതാവ് പ്രത്യക്ഷപ്പെട്ടത്.

ലീഗിലെ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഈ കോൺഗ്രസ് നേതാവ് എക്കാലത്തും കൈക്കൊണ്ടത്. ഈയടുത്തായി ലീഗിന്റെ പോക്കറ്റുകളിൽ അവരെ ചേദ്യം ചെയ്ത് എസ് ഡി ഐ പ്രവർത്തനം നടന്നുവരുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിനകത്ത് കള്ള വോട്ട് ചെയ്യാനുള്ള ശ്രമത്തെ എതിർത്തതിന്റെ പേരിലാണ് പള്ളിയിലേക്ക് പോകുന്ന അവസരത്തിൽ എ ഡി പി ഐ പ്രവർത്തകരെ ലീഗ് ക്രിമിനലുകൾ അക്രമിച്ചത്. ആക്രമണങ്ങൾ ലീഗാണ് ഇവിടെ തുടങ്ങിവെച്ചത്. പെരിങ്ങോം പഞ്ചായത്തിലെ പെടേന ബൂത്തിലും ലീഗ് നടത്തിയ കള്ള വോട്ടിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് എസ് ഡി പി ഐ ബൂത്ത് ഏജന്റിനെ മൃഗീയമായി മർദ്ദിച്ച് ലീഗ് ഓഫീസിൽ പൂട്ടിയിട്ടത്.

കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ പലയിടത്തും ലീഗ്കാരെ ഇളക്കിവിട്ട് സി പി ഐ (എം) പ്രവർത്തകരെ ആക്രമിച്ചതും ഈ കോൺഗ്രസ് നേതാവിന്റെ നിർദ്ദേശമനുസരിച്ചാണ്. തളിപ്പറമ്പ ടാഗോർ വിദ്യാ നികേതനിലെ എൽ ഡി എഫ് ബൂത്ത് ഏജന്റുമാരെയും സി പി ഐ (എം) നേതാവ് കെ മുരളീധരനെയും ലീഗുകാർ മർദ്ദിച്ചത് ഇതിന്റെ ഭാഗമാണ്. അതിന്റെ തുടർച്ചയാണ് ലീഗ് നേതാക്കളുടെ രേഖാമൂലമുള്ള പരാതിയിൽ എന്ത് പറഞ്ഞാലും ആക്രമണത്തിന്റെ പേരിൽ സി പി ഐ (എം) പ്രവർത്തകരെ പ്രതികൂട്ടിൽ നിർത്താനുള്ള ശ്രമം. ലീഗ് പ്രവർത്തകരെ ഇളക്കിവിടാനുള്ള സുധാകരന്റെ ശ്രമം വിലപ്പോവുന്ന പ്രശ്‌നമില്ല. സുധാകരന്റെ ഈ കുൽശ്രിത ശ്രമത്തെക്കുറിച്ച് ലീഗ് ഉൾപ്പെടെയുള്ള യു ഡി എഫിലെ ഘടകകക്ഷികൾ പ്രതികരിക്കണം.

 

സമാധാനം തകർക്കുന്നതിനുള്ള കോൺഗ്രസ് നേതാവിന്റെ ശ്രമത്തിനെതിരായി ജനങ്ങൾ അണിനിരക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.