കണ്ണൂർ: ഇടതുപക്ഷ വിരുദ്ധ സ്ഥാനാർത്ഥിക്കുവേണ്ടി സിപിഎമ്മിന്റെ കൈവശത്തിലുള്ള എ.കെ.ജി സ്മാരക സ്തൂപത്തിൽ കൈയ്യേറ്റം നടത്താൻ കൂട്ടുനിന്ന പോലീസിന്റെ കൃത്യം സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ നടപടി കൈകൊള്ളണമെന്ന് സിപിഐഎം ആവശ്യപ്പെടുന്നു.

കോൺഗ്രസിന്റെ വാലായി അധ:പതിച്ച ആർഎംപി എന്ന പാർടിക്ക് വേണ്ടിയാണ് വിരലിൽ എണ്ണാവുന്നവർ പോലീസ് അകംമ്പടിയോടെ സിപിഎമ്മിന്റെ സ്മാരക സ്തൂപങ്ങളിൽ പുഷ്പാർച്ചന നടത്താൻ എത്തിയത്. പാർടിയുടെ കൈവശമുള്ള സ്തൂപങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നതിന് പോലീസ് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ചില വലതുപക്ഷ ചാനൽ പ്രതിനിധികളെ മാത്രം കൂടെ കൂട്ടിയായിരുന്നു ഈ നാടകം. അങ്ങനെ സംഘർഷമുണ്ടാക്കാനായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. കണ്ണൂരിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ണൂർ എംഎൽഎയെ പോലും രംഗത്ത് ഇറക്കുന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയോട്  അണികൾ പോലും മുഖംതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ പ്രകോപനമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധരെയാകെ രംഗത്തിറക്കാനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ശ്രമം. ഇതിന് പോലീസിനെ ആയുധമാക്കിയിരിക്കുകയാണ്. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ഇലക്ഷൻ കമ്മീഷന് ബാധ്യതയുണ്ട്. പോലീസിനെ ഉപയോഗിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി നടത്തുന്ന ഇത്തരം ഹീനമായ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയും.

 

പാർടിയുടെ കൈവശത്തിലിരിക്കുന്ന നേതാക്കളുടെ സ്മാരക സ്തൂപങ്ങളിൽ അനധികൃതമായി പ്രവേശിച്ചതിനെതിരായി സിപിഐ(എം) കണ്ണൂർ ജില്ലാകമ്മിറ്റി പോലീസിനും, ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.