കണ്ണൂർ: വംശഹത്യയുടെ വ്യാഴവട്ടംഎന്ന പേരിൽ തളിപ്പറമ്പിൽ നടത്തിയ സെമിനാറിനെതിരായി ലീഗും-ബിജെപിയും നടത്തിയ പ്രതികരണങ്ങൾ ഒരേ തൂവൽപക്ഷികൾ ഒന്നിക്കുന്നതുപോലെയാണ്.

മതനിരപേക്ഷ സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്ന മതവർഗീയ-തീവ്രവാദശക്തികൾക്ക് താക്കീതുമായാണ് തളിപ്പറമ്പിൽ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള സെമിനാർ നടന്നത്. ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ പ്രതീകമായ കുത്തുബ്ദീൻ അൻസാരിയും വേട്ടക്കാരുടെപക്ഷം നിൽക്കാൻ നിർബന്ധിതനായ അശോക് മോച്ചി എന്ന ദളിതനും തളിപ്പറമ്പിലെ പരിപാടിയിൽ ഒന്നിച്ചത് മതനിരപേക്ഷവാദികളെയാകെ ആവേശം കൊള്ളിക്കുന്നതാണ്. വർഗീയ തീവ്രവാദ ശക്തികളെയാണ്  ഈ ഒന്നിപ്പിക്കൽ വിഷമിപ്പിക്കുന്നത്. ഇതാണ് ലീഗിന്റേയും, ബിജെപിയുടേയും പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.

വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരായ ഈ പരിപാടിയെ ദേശീയ തലത്തിലുള്ള മാധ്യമങ്ങൾ തന്നെ വലിയ തോതിൽ അനൂകൂലിച്ചപ്പോൾ, ലീഗ് നേതൃത്വം അതിനെ എതിർക്കുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയ സംഘർഷത്തിൽ ഒട്ടേറെ പേർ മരണമടഞ്ഞിട്ടുണ്ട്. അത്തരം സംഭവങ്ങളും ഭരണകൂട സംവിധാനത്തെ നിശ്ചലമാക്കിക്കൊണ്ട്, മോഡിയുടെ നേതൃത്വത്തിൽ 3 ദിവസം കൊണ്ട് 3000 മുസ്ലീങ്ങളെ വംശഹത്യനടത്തിയതും താരതമ്യം ചെയ്യാൻ ലീഗ് നേതാക്കന്മാർക്കല്ലാതെ മറ്റാർക്കും കഴിയില്ല. മരണപ്പെട്ട ലീഗ് പ്രവർത്തകന്റെ  ഉമ്മയുടെ പേര് ഉപയോഗിച്ചിട്ടാണ് ലീഗ് രാഷ്ട്രീയ പ്രചാരണം നടത്തുന്നത്. ഗുജറാത്തിൽ മാത്രമല്ല ഈ അടുത്തായി മുസാഫിർ നഗറിലും സംഘപരിവാരം മുസ്ലീം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയുണ്ടായി.

16-ാം മത്  ലോകസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക ചേരിതിരിവ് ഉണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്ന സംഘപരിവാരത്തിന് സഹായകരമാണ് ലീഗിന്റെ സിപിഐ(എം) വിരുദ്ധ പ്രചാരവേല. സംഘപരിവാരത്തിന്റെ ന്യൂനപക്ഷ കശാപ്പുകളെ തടയാനോ നേരിടാനോ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല അതുമായി സന്ധിചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ആ കോൺഗ്രസിന്റെ വാലായി അധ:പതിച്ച്, കഴിയാവുന്ന സന്ദർഭങ്ങളിലെല്ലാം ആർഎസ്എസുമായി കൂട്ടുചേരാൻ പോലും മടിക്കാത്ത പാർടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്.

 

സംഘപരിവാരത്തിന്റെ ന്യൂനപക്ഷ വിരുദ്ധതയ്‌ക്കെതിരേയും മതനിരപേക്ഷതയ്ക്കുവേണ്ടിയും പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം എതിർചേരിയിൽ നിൽക്കുന്ന മുസ്ലീം ബഹുജനങ്ങളടക്കം മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ് സെമിനാറിനെതിരായി ലീഗ് ഇപ്പോൾ കാണിക്കുന്ന  വെപ്രാളം. അശോക് മോച്ചി എന്ന ദളിതന്റെ ദയനീയ സാമൂഹ്യ-സാമ്പത്തിക നില ഗുജറാത്തിലെ വികസനത്തെ പുകഴ്ത്തുന്നവർക്കുള്ള മറുപടി കൂടിയാണ്. അത് പുറത്തു വരുന്നതിലുള്ള വിഷമം മൂലമാണ് ബിജെപി നേതൃത്വവും തളിപ്പറമ്പ് സെമിനാറിനെതിരായി മുന്നോട്ട് വരുന്നത്. ബിജെപി നേതൃത്വത്തിന്റെ കപടമുഖത്തെയും ലീഗിന്റെ രാഷ്ട്രീയ സത്യസന്ധതയില്ലായ്മയേയും ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.