കണ്ണൂർ: പരിയാരം അമ്മാനപ്പാറയിൽ എഎസ്പിയെ അടക്കം വധിക്കാൻ നടത്തിയ ശ്രമത്തിനു പിന്നിൽ ലീഗ് തീവ്രവാദികളുടെ പങ്ക് വെളിച്ചത്ത് വന്ന സാഹചര്യത്തിൽ മുസ്ലീംലീഗ് നേതൃത്വം  നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെടുന്നു.

തളിപ്പറമ്പ് ആസ്ഥാനമായി ലീഗിനകത്ത് ഒരു തീവ്രവാദി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് ഒടുവിൽ നടന്ന ഈ ആക്രമണവും. രണ്ട് വർഷം മുമ്പ് സിപിഐ(എം)നെതിരായ ലീഗ് ആക്രമണത്തിന്റെ ഭാഗമായി കുറ്റിക്കോൽ വായനശാല തകർത്ത കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ നിസാമുദ്ദീൻ. ഈ തീവ്രവാദി സംഘത്തിന് കോൺഗ്രസ് നേതാവ് സുധാകരനാണ് എല്ലാ സംരക്ഷണവും നൽകുന്നത്. ഇക്കാര്യത്തിൽ ചില ലീഗ് നേതാക്കൾ തന്നെ നിസ്സഹായരും അസംതൃപ്തരുമാണ്. സമാധാനപൂർവ്വം ജീവിക്കണമെന്നാഗ്രഹിക്കുന്ന ലീഗിനോടൊപ്പമുള്ളവർക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.

 

തളിപ്പറമ്പ് ഡിവൈഎസ്പിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ ലീഗ് ക്രിമിനലുകൾക്കെതിരെ ചുമത്തിയ കേസ്സ് പോലും പിൻവലിക്കപ്പെട്ടു. ഡിവൈഎസ്പിക്കെതിരെ ബോംബ് ആക്രമണം നടത്തുന്നതിനിടെ കൈയ്യിൽ നിന്ന് ബോംബ് പൊട്ടി ഒരു ലീഗ് ക്രിമിനലിന്റെ ഇരുകൈപ്പത്തികളും ഈ സംഭവത്തിൽ നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തിൽ അതീവ ഗൗരവത്തിലുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്സുകളാണ് ലീഗ് സമ്മർദ്ദത്തെ തുടർന്ന് പിൻവലിക്കപ്പെട്ടത്. നേരത്തെ തളിപ്പറമ്പ് ഡിവൈഎസ്പിയെ വധിക്കാൻ ശ്രമിച്ച കേസ്സടക്കം 80-ലധികം കേസുകളാണ് യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം പിൻവലിച്ചത്. ഇത്തരം നടപടികളാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ പോലും വകവരുത്തുന്നതിന്  ലീഗ് തീവ്രവാദികൾക്ക് പ്രചോദനമാകുന്നത്. നിയമവിരുദ്ധമായി മണൽവാരൽ നടത്തുകയും പോലീസിലെ ഒരു വിഭാഗം ഇതിന് സംരക്ഷണം നൽകുകയുമാണ്. കോൺഗ്രസ്-ലീഗ് നേതാക്കന്മാർക്ക് മണൽമാഫിയകൾ മാസപ്പടി നൽകുന്നുണ്ട്. അതിന്റെ ഫലമായി ഇവർക്കെതിരെ യാതൊരു നടപടിയും കൈകൊള്ളുന്നില്ല. ഇപ്പോൾ കണ്ണൂർ എസ്പിയുടെ നിർദേശാനുസരണമാണ് എഎസ്പി ശിവവിക്രമന്റെ നേതൃത്വത്തിൽ മണൽമാഫിയയെ അന്വേഷിച്ച് എത്തിയത്. ഇതേ തുടർന്നാണ്  മാഫിയ സംഘം പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സുധാകരന്റെ അനുയായികളും ലീഗിലെ തീവ്രവാദികളും ചേർന്ന് ജില്ലയിൽ പലേടത്തും നിയമവിരുദ്ധമായി മണൽ കടത്തുന്നുണ്ട്. ഇവർക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നു.