സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാർച്ച് ഫെബ്രുവരി 22-ന്  രാവിലെ 10.30 മണിക്ക് കൊട്ടിയൂർ ബോയ്‌സ് ടൗൺ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

വയനാട് ജില്ലയിലെ കേരള രക്ഷാ മാർച്ചിന്റെ പര്യടനത്തിനുശേഷം  പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി മലയോരത്ത് പൊന്നു വിളയിച്ച കുടിയേറ്റ കർഷകന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാവുന്നതിലൂടെ വിഹ്വലതകൾ നിലനിൽക്കുന്ന കൊട്ടിയൂർ ജനത ജില്ലാതൃത്തിയായ  ബോയ്‌സ് ടൗണിൽ വെച്ച് ജില്ലയിലേക്ക് വരവേൽക്കും. തുടർന്ന് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ ഇരിട്ടിയിൽ രാവിലെ 11.30 മണിക്ക് എത്തിച്ചേരും. ഇരിട്ടിയിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് 3 മണിക്ക് മട്ടന്നൂരിലും, 4.30 മണിക്ക് നടുവിലേയും സ്വീകരണത്തിനു ശേഷം കാസർക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

കാസർക്കോട് ജില്ലയിലെ കേരള രക്ഷാ മാർച്ചിന്റെ പര്യടനത്തിനു ശേഷം 23-ന് വൈകുന്നേരം 5.30 മണിക്ക് ജില്ലാ അതൃത്തിയായ കാലിക്കടവ് വെച്ച് പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലേക്ക് സ്വീകരിക്കും. 6 മണിക്ക് പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം അന്നത്തെ പര്യടനം പൂർത്തിയാക്കുന്ന ജാഥ 24-ന് രാവിലെ 10 മണിക്ക് പഴയങ്ങാടിയിലും 11.30 മണിക്ക് തളിപ്പറമ്പിലേയും സ്വീകരണം ഏറ്റുവാങ്ങി ജില്ലാ തലസ്ഥാനമായ കണ്ണൂരിൽ വൈകുന്നേരം 3 മണിക്ക് എത്തിച്ചേരും. 4.30 മണിക്ക് പെരളശ്ശേരിയിലെ സ്വീകരണത്തിനു ശേഷം സർക്കസിന്റേയും, ക്രിക്കറ്റിന്റേയും, കേക്കിന്റേയും നാടായ തലശ്ശേരിയിൽ സമാപിക്കും. 25-ന് രാവിലെ 10 മണിക്ക് പാനൂരിലെ സ്വീകരണത്തിന് ശേഷം ജില്ലയിലെ പര്യടനം പൂർത്തീകരിച്ച് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

 

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വർഗ്ഗ ശത്രുക്കളുടെ കടന്നാക്രമണങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ജില്ലയിലെ 160 രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ ആദരിക്കും. കലാ-സാഹിത്യ-സാംസ്‌കാരിക-സ്‌പോർട്‌സ് മേഖലകളിലെ പ്രതിഭകളെയും ജാഥാ ലീഡർ ആദരിക്കും. സ്വീകരണ പരിപാടി വൻ വിജയമാക്കാൻ മുഴുവൻ ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന്  ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.