ജില്ലയിൽ ചില ബസ് തൊഴിലാളികൾ അനധികൃതമായി പണിമുടക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്നും പ്രശ്‌നം കലക്ടർ ഇടപെട്ട് അടിയന്തിരമായി പരിഹരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

കണ്ണൂർ- തലശേരി റൂട്ടിൽ പോളിടെക്‌നിക്ക്, ഐടിഐ സ്റ്റോപ്പിൽ ബസ് നിർത്തേണ്ടത് ന്യായമായ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കഴിഞ്ഞ ദിവസം ദിനേഷ് ബാബു എന്ന ബസ് തൊഴിലാളിക്ക് മർദനമേറ്റിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കണം. എന്നാൽ ഇതിന്റെ പേരിൽ ബസ്‌സർവീസുകൾ അനിശ്ചിതമായി മുടക്കുന്നതിന് ന്യായീകരണമില്ല. തൊഴിലാളി സംഘടനകളെല്ലാം എതിർക്കുന്ന സമരത്തെ ചില തൊഴിലാളികൾ മാത്രമാണ് അനുകൂലിക്കുന്നത്.

ചർച്ച ചെയ്ത് തീർക്കേണ്ട പ്രശ്‌നം വലുതാക്കി ജില്ലയിലാകെ ബസ് പണിമുടക്കം നടത്താനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പണിമുടക്കുനീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.