സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ജില്ലാ കലക്ടർക്ക് നൽകിയ പരാതി

കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ നിയമമനുസരിച്ച് കണ്ണൂർ ജില്ലയിൽ സി പി ഐ (എം)നെതിരെ ജില്ലയിലെ പോലീസ് സംവിധാനം ഏകപക്ഷീയമായ നടപടികൾ കൈക്കൊണ്ടുവരികയാണ്. ഈ നിയമ പ്രകാരം നാട് കടത്താനും ജയിലിലടക്കാനുമുള്ള അധികാരമുപയോഗിച്ച് സി പി ഐ (എം) നെതിരെയാണ് അതിക്രമങ്ങൾ നടത്തുന്നത്. സി പി ഐ (എം) പ്രവർത്തകർക്കെതിരെ മതിയായ കാരണങ്ങളില്ലാതെ കർക്കശമായ വകുപ്പുകൾ ചേർത്ത് കള്ളക്കേസുകൾ എടുക്കുക. തുടർന്ന് ഈ കേസുകളുടെ എണ്ണം ചൂണ്ടിക്കാണിച്ച് അറിയപ്പെടുന്ന ഗുണ്ടകളായും, അറിയപ്പെടുന്ന റൗഡികളായും പ്രഖ്യാപിക്കുക അതനുസരിച്ച് മേൽ നിയമമനുസരിച്ച് നടപടികൾ കൈക്കൊള്ളുക. ഈ രീതിയാണ് പോലീസ് അവലംബിച്ചുവരുന്നത്. കലക്ടറെ തെറ്റിദ്ധരിപ്പിച്ചും പോലീസ് അതിക്രമങ്ങൾ നടത്തുന്നുണ്ട് ഇതാകെ ഭരണകക്ഷിയുടെ നിർദ്ദേശമനുസരിച്ചാണ് ചെയ്യ്തുവരുന്നത്.

കണ്ണൂർ കോർപ്പറേഷനിലെ കുന്നാവ് ഡിവിഷനിൽ താമസിക്കുന്ന നിഖിൽ ടി ട/ീ സുരേന്ദ്രൻ എന്നയാൾക്ക് കലക്ടറുടെ മുമ്പാകെ ഹാജരാകാൻ 17.10.2015 ന് നോട്ടീസ് ലഭിക്കുകയുണ്ടായി. തുടർന്ന് ഇപ്പോൾ അമ്പത്തഞ്ചാം ഡിവിഷനിൽപ്പെട്ട ഷഹൻരാജ് S/o  സുരേന്ദ്രൻ എന്നയാൾക്കും ഹാജരാവാൻ 04.11.2015 ന് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. മേൽപ്പറഞ്ഞവരെല്ലാം സി പി ഐ (എം) ന്റെ സജീവപ്രവർത്തകരാണ് അവർക്കെതിരെ ചാർജ് ചെയ്ത കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമായി ചാർജ് ചെയ്യപ്പെട്ടതാണ്.

കാപ്പാ നിയമം രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ഉപയോഗിക്കാൻ വേണ്ടി കൊണ്ടുവന്നതല്ല. അതിനാൽ ജില്ലയിൽ ഈ നിയമത്തിന്റെ നഗ്നമായ ദുരുപയോഗമാണ് നടക്കുന്നത്. പോലീസിന്റെ ഈ അതിക്രമണങ്ങൾക്ക് ബഹുമാനപ്പെട്ട കലക്ടർ കൂട്ടുനിൽക്കാൻ പാടില്ല. ഏറ്റവും ഒടുവിൽ ഡി വൈ എഫ് ഐ നേതാവായ പയ്യന്നൂരിലെ വി കെ നിഷാദിനെതിരായും ഇത്തരം നിയമ വിരുദ്ധമായ നടപടികൾക്ക് പോലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടാവുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ആയതിനാൽ കാപ്പാ നയമത്തിന്റെ ദുരുപയോഗത്തിനെതിരെ ബഹുമാനപ്പെട്ട കലക്ടർ ഇടപെടണമെന്നും രാഷ്ട്രീയ പ്രേരിതമായ നടപടിക്ക് കൂട്ടുനിൽക്കരുതെന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു.