കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് സ്വതന്ത്രനെ പ്രലോഭിപ്പിച്ച് കൂറ് മാറ്റം നടത്താൻ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ ഹീനമായ കൃത്യം സംബന്ധിച്ച് അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

യു ഡി എഫ് ദുർഭരണത്തിനെതിരായ കൃത്യമായ ജനവികാരമാണ് കോർപ്പറേഷൻ പരിധിയിൽ ഉണ്ടായത്. കെ സുധാകരന്റെ ഏകാധിപത്യത്തിനെതിരായ സമരത്തിന്റെ ഫലമായാണ് പി കെ രാഗേഷ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥി മത്സര രംഗത്ത് വന്നത്. അദ്ദേഹം വിജയിക്കുകയും ചെയ്തു. കോർപ്പറേഷനിൽ എൽ ഡി എഫും യു ഡി എഫും 27 വീതം സീറ്റുകൾ നേടി വിജയിച്ചതിനെ തുടർന്ന് പിൻസീറ്റിലിരുന്ന ഭരണം സ്വപനം കണ്ട് കരുക്കൾ നീക്കിയ കെ സുധാകരന്റെ സ്വപ്നം പൊലിഞ്ഞു.  തുടർന്ന് ഏത് ഹീന മാർഗ്ഗം അവലംബിച്ചും ഭരണത്തിലെത്താനാണ് സുധാകര സംഘത്തിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് എൽ ഡി എഫ് പാനലിൽ വിജയിച്ച ടി കെ അഷറഫിനെ പ്രലോഭിപ്പിച്ച് യു ഡി എഫിന് അനുകൂലമാക്കി മാറ്റാൻ നടത്തുന്ന ഹീന ശ്രമം. ഇത് സംബന്ധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് നിയുക്ത കൗൺസിലർ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർ, ജില്ലാ പോലീസ് ചീഫ്, വിജിലൻസ് പോലീസ് എന്നിവർക്കും പരാതി നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ട്. അഷറഫിനെ ബലമായി തന്റെ അടുത്ത് എത്തിക്കാനാണ് അനുചരന്മാർ വഴി സുധാകരൻ ശ്രമിച്ചത്. 

അഷറഫിന്റെ മൊബൈൽ ഫോണിലേക്ക് വന്ന ഫോൺ കോളുകളും അനുചരന്മാരുടെ ഫോണിലേക്ക് വന്ന കെ സുധാകരന്റെ കോളുകളും പരിശോധിച്ചാൽ ഈ കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ കണ്ണികളും പോലീസ് വലയിലാവും ആയതിനാൽ നിയുക്ത കൗൺസിലർ നൽകിയ പരാതി ഒരു പ്രത്യേക പോലീസ് സംഘത്തെകൊണ്ട് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടികളും കൈക്കൊള്ളണം.