തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കണ്ണൂർ ജില്ലയിൽ ചരിത്രവിജയം സമ്മാനിച്ച ജനങ്ങളെ സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയേറ്റ് ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു.

കണ്ണൂർ ജില്ലയിലെ പോലീസ് സംവിധാനത്തെ ഉപയോഗിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രീയക്കളിക്ക് തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നു മാത്രമല്ല അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം നേടാമെന്നായിരുന്നു മന്ത്രി കെ.സി.ജോസഫും മറ്റും കണക്കു കൂട്ടിയിരുന്നത്. സംസ്ഥാനത്ത് മറ്റെവിടെയും ഇല്ലാത്ത വിധം സ്ഥാനാർഥികൾക്ക് ഭീഷണി നോട്ടീസ് അയക്കുന്ന നിലപാടും കോൺഗ്രസ്സിന്റെ നിർദ്ദേശാനുസരണം കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ട് സ്വീകരിച്ചു. പോളിംഗ് ദിവസം ജില്ലയിൽ വ്യാപകമായി അക്രമം നടന്നു എന്ന് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നെറികെട്ട എല്ലാ നീക്കങ്ങളേയും പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് വിജയം നേടിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച സ.കാരായി രാജനേയും തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്ക് മൽസരിച്ച സ.കാരായി ചന്ദ്രശേഖരനേയും കൊലയാളികളാക്കി ചിത്രീകരിച്ച് ജനമധ്യത്തിൽ താറടിച്ചു കാണിക്കാനും ശ്രമമുണ്ടായി. സ.രാജൻ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനിൽ നിന്നും ജില്ലയിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയാണ് ജില്ലയിലെ വോട്ടർമാർ ചെയ്തത്. സ.ചന്ദ്രശേഖരൻ തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്കും നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ലും എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിലായിരുന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചു. കണ്ണൂർ കോർപ്പറേഷനിലാവട്ടെ ആകെയുള്ള 55 ഡിവിഷനുകളിൽ 28 എണ്ണത്തിലും യു.ഡി.എഫ് തോറ്റു. 27 എണ്ണത്തിൽ എൽ.ഡി.എഫ് ആണ് വിജയിച്ചത്. ഒന്നിൽ കോൺഗ്രസ് നേതാവ് സുധാകരൻ തന്നെ രംഗത്തിറങ്ങിയിട്ടും കോൺഗ്രസ്സിന്റെ റിബൽ സ്ഥാനാർഥിയാണ് വിജയിച്ചത്. ഭരണം ലക്ഷ്യമിട്ട് രൂപീകരിച്ച കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് ന് ഭൂരിപക്ഷമില്ല. 71 ഗ്രാമപഞ്ചായത്തുകളിൽ 52 എണ്ണത്തിലും എൽ.ഡി.എഫ് മേൽക്കൈ നേടിയിരിക്കുകയാണ്. നിലവിലുള്ള പഞ്ചായത്തുകൾ നിലനിർത്തുകയും കഴിഞ്ഞ തവണ യു ഡി എഫ് വിജയിച്ച കേളകം, കോളയാട്. കടമ്പൂർ പഞ്ചായത്തുകൾ എൽ ഡി എഫ് വിജയിക്കുകയും ചെയ്തു. 

ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി ക്കും ആ നിലക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.

കണ്ണൂർ ജില്ല എൽ.ഡി.എഫ് ന്റെ ഉരുക്കു കോട്ടയാണെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മുഴുവൻ വോട്ടർമാരെയും സി.പി.ഐ(എം) സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.