കണ്ണൂർ : വോട്ടെണ്ണൽ ദിവസം ജില്ലക്കകത്ത് അപ്രഖ്യാപിത നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ ശക്തമായി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചത് മുതൽ എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ സ്ഥാനാർത്ഥികളെ കേസിൽ പ്രതിയാക്കുമെന്നാണ് ജില്ലാ പോലീസ് ചീഫ് പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ദിവസങ്ങളിലൊക്കെയും ജനാധിപത്യപരമായ പ്രവർത്തനം നിഷേധിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ച് വന്നത്. എൽ ഡി എഫ് പ്രവർത്തനത്തെ തടയുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിൽ പ്രഖ്യാപനവുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നിരുന്നത്. ജില്ലയിൽ തെരഞ്ഞെടുപ്പ് ദിവസം വ്യാപക ബുത്ത് പിടുത്തവും അക്രമങ്ങളും  ഉണ്ടാവുമെന്ന് കെ സി ജോസഫ് ഉൾപ്പെടെയുള്ള മന്ത്രിമാരും  യു ഡി എഫ്-ബി ജെ പി നേതാക്കളും അരോപണമുന്നയിച്ചിരുന്നു. എന്നാൽ തികച്ചും സമാധാനപരമായാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ മറ്റൊരു ജില്ലയിലും ഉണ്ടാകാത്തവിധം ഇവിടെ പോലീസ് അമിതാധികാര പ്രയോഗമാണ് നടത്തികൊണ്ടിരിക്കുന്നത്, അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പ്രഖ്യാപിച്ച അപ്രഖ്യാപിത നിരോധനാജ്ഞ. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും കെ പി സഹദേവൻ പ്രസ്താവനയിൽ പറഞ്ഞു.