കണ്ണൂർ : ജില്ലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരമായിട്ടാണ് പോളിങ്ങ് നടന്നതെങ്കിലും പരാജയ ഭീതി കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻമാർക്കെതിരായി ഭീക്ഷണിയുമായി കോൺഗ്രസ്സ് നേതൃത്വം മുന്നോട്ടുവന്നിരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഡി ജി പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥൻമാരെ കണ്ണൂരിൽ വരുത്തിയും കർണ്ണാടക പോലീസിനെ വിന്യസിച്ചും തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കാനാണ് കോൺഗ്രസ്സ് നേതൃത്വം നീക്കം നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി ചുമതല നിർവഹിച്ച ജില്ലാ കലക്ടറുടെ തലക്ക് മുകളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള പോലീസ് നീക്കം വിജയിക്കുകയുണ്ടായില്ല. ഇതിൽ അമർഷംപൂണ്ട യു ഡി എഫ് നേതൃത്വം ഇപ്പോൾ പോളിങ്ങ് ചുമതല നിർവഹിച്ച ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയിരിക്കുകയാണ് ഇതിന്റെ ഭാഗമായാണ് പ്രീസൈഡിങ്ങ് ഓഫീസർമാർക്കെതിരെ കേസ് കൊടുക്കുമെന്ന ഡി സി സി പ്രസിഡണ്ടിന്റെ ഭീക്ഷണി. ഇങ്ങനെ ഭീക്ഷിപ്പെടുത്തുന്നത് ഭൂഷണമായിട്ടുള്ള കാര്യമല്ല. 

കൃത്യമായി എല്ലാ മണ്ഡലങ്ങളിലും നോമിനേഷൻ പോലും കൊടുക്കാൻ കഴിയാത്ത കോൺഗ്രസ്സ് നേതൃത്വം ആ കഴിവ്‌കേട് മറച്ചുവെക്കാൻ കൂടിയാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. ഇത് ജനങ്ങൾ ശരിയായി തിരിച്ചറിയും.

മന്ത്രി കെ സി ജോസഫ് അടക്കമുള്ളവർ വോട്ടെടുപ്പിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ജില്ലയിൽ ഒരുക്കിയെന്ന് പ്രസ്താവന നടത്തിയെങ്കിലും ഇപ്പോൾ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് യു ഡി എഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞതിനാലാണ്. ഇത് വോട്ടെണ്ണൽ കഴിയുന്നതോടെ കൃത്യമായി ബോധ്യപ്പെടും.