തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം മാടായി പഞ്ചായത്തിലെ മുട്ടത്ത് എൽ.ഡി.എഫിന്റെ മൂന്ന് പ്രവർത്തകരെ മുസ്ലീംലീഗുകാർ വെട്ടികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കണ്ണൂർ ജില്ലയിൽ എവിടെയും പ്രചാരണത്തിന്റെ സമാപനം കുറിക്കുന്ന ദിവസം ഒരു അനിഷ്ടസംഭവവും ഉണ്ടായിട്ടില്ല. മാടായി പഞ്ചായത്തിൽ മുസ്ലീംലീഗുകാരാണ് ഈ കൊലപാതകശ്രമം നടത്തിയത്. ദശകങ്ങളായി വികസനമുരടിപ്പും, അഴിമതിയും നടത്തികൊണ്ടിരിക്കുന്ന ലീഗ് ഭരണത്തിനെതിരായി ശക്തമായ എതിർപ്പ് ഉയർന്നുവരികയുണ്ടായി. അതിന്റെ ഭാഗമായി 20 വാർഡുകളുള്ള മാടായി പഞ്ചായത്തിൽ ലീഗിൽ നിന്ന് 100 കണക്കിന് ആളുകളുകൾ തെറ്റിപ്പിരിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി രംഗത്തു വന്നതാണ് ലീഗുകാരെ പ്രകോപിപ്പിച്ചത്. 18-ാം വാർഡിലെ എൽ.ഡി.എഫ് ,സ്വതന്ത്രസ്ഥാനാർത്ഥി ഹാരിസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാണ് വധശ്രമത്തിന് ഇരയായ ഇസ്മയിൽ. ഇസ്മയിലിനെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിലും, ഷുഹൈബിനെയും,ഷബീറിനെയും പയ്യന്നൂർ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കലാണ് ഈ വധശ്രമത്തിന്റെ പിന്നിലുള്ളത്. അതിനാൽ മാടായി പഞ്ചായത്തിലെ 1,18,19,20 എന്നീ വാർഡുകളിലെ പോളിങ്ങ് സ്റ്റേഷനുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കണം. എൽ.ഡി.എഫ് പ്രവർത്തകരെ അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണം. ഇവിടുത്തെ ലീഗ് സ്ഥാനാർത്ഥിയെ കസ്റ്റഡിയിൽ എടുത്താൽ പ്രതികളെ ഉടൻ പിടികൂടാനാകും.

ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫുകാർ അക്രമം നടത്തുമെന്ന് യു.ഡി.എഫുകാർ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. ആരാണ് അക്രമകാരികൾ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ അക്രമം ഉണ്ടായാൽ സ്ഥാനാർത്ഥികൾക്കെതിരെ കേസ്സെടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഭീഷണി മുഴക്കിയത് എൽ.ഡി.എഫിനെ ലക്ഷ്യം വെച്ചായിരുന്നു. ഇങ്ങനെ ഭീഷണി മുഴക്കിയപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടിന്  കോൺഗ്രസ് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. മുട്ടത്ത് നടന്ന കൊലപാതകശ്രമത്തിൽ അവിടെ മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥികൾക്കെതിരായി കേസ്സെടുക്കണമെന്ന് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുമോ എന്നും പ്രസ്താവനയിൽ ചോദിച്ചു.