തെരഞ്ഞെടുപ്പു ദിവസം അക്രമമുണ്ടായാൽ സ്ഥാനാർത്ഥികളെ പ്രതികളാക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള കണ്ണൂർ എസ്.പി.യുടെ നോട്ടീസ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനവുമാണെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.  

തനിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലാത്ത ഒരു സംഭവത്തിൽ സ്ഥാനാർത്ഥിയാണെന്ന ഒറ്റക്കാരണംകൊണ്ട് ഒരാളെ പ്രതിചേർക്കുമെന്ന് പറയാൻ ഏത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് എസ്പിക്ക് അധികാരമുള്ളത്?  തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്.  ഇല്ലാത്ത അധികാരം പ്രയോഗിച്ച് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

ജില്ലയിൽ പട്ടാളത്തെ ഇറക്കണം എന്ന ഭരണകക്ഷിയുടെ ആവശ്യം നടക്കാത്തതിനെത്തുടർന്ന് ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്താൻ ഭരണകക്ഷിയുടെ ദാസ്യവൃത്തിയാണ് ഇതുവഴി എസ്.പി. സ്വീകരിക്കുന്നത്.  മാത്രവുമല്ല, പോലീസ് റീ-പോളിങ്ങിന് ശുപാർശ ചെയ്യുമെന്നും എസ്.പി.യുടെ നോട്ടീസിൽ പറയുന്നു.  തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് റീപോളിങ്ങ് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.  തെരഞ്ഞെടുപ്പുഘട്ടത്തിൽ പോലീസ് സംവിധാനമാകെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണെങ്കിലും തെരഞ്ഞെടുപ്പുകമ്മീഷനെ മറികടന്നുകൊണ്ടുള്ള നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.  ഇതൊന്നും മനസ്സിലാക്കാതെ നിയമവിരുദ്ധമായി എസ്.പി. ഇറക്കിയ നോട്ടീസ് ഉടനെ പിൻവലിക്കണമെന്നും സ്ഥാനാർത്ഥികളെ ഭിഷണിപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും പോലീസധികാരികൾ പിന്മാറണമെന്നും സി.പി.ഐ.(എം) ആവശ്യപ്പെടുന്നു.  ഇതു സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും സി.പി.ഐ.(എം) അറിയിച്ചു.