ജില്ലയിലെ പല മേഖലകളിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ സി.പി.ഐ(എം) പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ നോട്ടീസ് കൊടുത്തു വിളിച്ചു വരുത്തുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ തടയുന്ന നടപടിയാണ്. യു.ഡി.എഫ് കാർ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഇങ്ങനെ പാർട്ടി പ്രവർത്തകരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നോട്ടീസ് കൊടുത്തു വിളിച്ചു വരുത്തുന്നത്. ഏകപക്ഷീയമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടയുന്നതിനു വേണ്ടിയാണ് കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശമനുസരിച്ച് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പു വരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.