കണ്ണൂർ : കള്ള കേസിൽ പ്രതി ചേർക്കപ്പെട്ട കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും സ്ഥാനാർത്ഥിത്വത്തെ ഏതിർക്കുന്ന യു ഡി എഫ് നേതൃത്വം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊലകേസിൽ ശിക്ഷിക്കപ്പെട്ട ആളെ സ്ഥാനാർത്ഥിയാക്കിയ കാര്യം മറക്കരുതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കെ പി സി സി അംഗം മമ്പറം ദിവാകരൻ കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആളായിരുന്നു. ശിക്ഷിക്കപ്പെട്ട ആളെ സ്ഥാനാർത്ഥിയാക്കിയ യു ഡി എഫ് നേതാക്കളാണ് കുറ്റാരോപിതർ മാത്രമായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാർത്ഥിയാക്കിയതിനെ എതിർക്കാൻ മുന്നോട്ട് വരുന്നത്. പൊന്ന്യത്തെ സി പി ഐ (എം)  പ്രവർത്തകനായ പവിത്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആളെയാണ് കതിരൂർ ഗ്രാമ പഞ്ചായത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാക്കിയത്. ആർ എസ് എസ്-കാർ നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണ സംഘം കള്ള കേസിൽ പ്രതിയാക്കിയിട്ടുള്ളത്.

സിഖ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഉന്നത കോൺഗ്രസ് നേതാക്കന്മാർ കേന്ദ്ര മന്ത്രിസഭയിൽ പോലും അംഗമായിരുന്നത് കോൺഗ്രസ് നേതാക്കന്മാർ മനപൂർവ്വം മറക്കുകയാണ്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്തവർ പോലും ഇന്ന് കേന്ദ്ര മന്ത്രിമാരാണ് ഇക്കാര്യങ്ങളൊക്ക മറച്ചുവെച്ചാണ് ഇത്തരക്കാർ സി പി ഐ (എം) നെതിരെ വിമർശനവുമായി മുന്നോട്ട് വരുന്നത്. 

നിയമ പോരാട്ടത്തോടൊപ്പം ജനങ്ങളുടെ കോടതിയിലും ഇത് വിചാരണ ചെയ്യപ്പെടണം. ജനാധിപത്യ വ്യവസ്ഥയിൽ ഏക്‌സിക്യൂട്ടീവിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതാണ് ഇവിടെ എൽ ഡി എഫ് നിർവ്വഹിക്കുന്നത്.