തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് (ഐ) - ബി ജെ പി സഖ്യം വ്യാപകമാണ്. ഈ അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന് മതേതര വിശ്വാസികൾ കനത്ത തോൽവി സമ്മാനിക്കുക തന്നെ ചെയ്യും.
കോൺഗ്രസ് (ഐ) ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ പോലും സ്ഥാനാർത്ഥികളെ നിർത്താതെയാണ് ബി ജെ പി അനുകൂലമായ നിലപാട് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസിന്റെ സ്വാധീനകേന്ദ്രമായ ഏരമം-കുറ്റൂർ പഞ്ചായത്തിലെ 7-ാം വാർഡ് കക്കറയിൽ യു ഡി എഫ് നോമിനേഷൻ നൽകാതെ ബി ജെ പിക്ക് കോൺഗ്രസ് പിന്തുണ നൽകിയിരിക്കുകയാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ വെള്ളോറ വില്ലേജിലെ 6 വാർഡുകളിൽ 5 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ഇവിടെ ബി ജെ പി സ്വതന്ത്രർക്ക് കോൺഗ്രസ് പിന്തുണ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പിണറായി മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വം തള്ളിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് ബി ജെ പിയെ സഹായിക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ള ഒരാളെ നിർദ്ദേശകനാക്കി വെച്ചുകൊണ്ടാണ് സ്വന്തം സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് (ഐ) തള്ളിച്ചത്. ആന്തൂർ മുൻസിപ്പാലിറ്റിയിൽ 3 വാർഡുകളിൽ കോൺഗ്രസ് (ഐ) ക്ക് സ്ഥാനാർത്ഥിയില്ല. പെരളശ്ശേരി 13-ാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ് (ഐ) ബി ജെ പിയെ സഹായിക്കുന്നു. മുഴപ്പിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ് സ്വന്തം സ്ഥാനാർത്ഥിയെ ഒഴിവാക്കി ബി ജെ പിയെ സഹായിക്കുകയാണ്. ആകെ 10 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും സീറ്റുകൾ ബി ജെ പിക്ക് വിട്ടുകൊടുത്ത് ആർ എസ് എസ് നയിക്കുന്ന ബി ജെ പിയുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നത് ആപത്കരമാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന ദിവസം നാളെയാണ്. അപ്പോഴേക്കും കൂടുതൽ സീറ്റുകളിൽ ബി ജെ പി-കോൺഗ്രസ് ധാരണ ഉണ്ടാവാനിടയുണ്ട്. ഇതിനെതിരെ മതനിരപേക്ഷ ശക്തികൾ പ്രതികരിക്കണം.