അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി വർധിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ സ്ഥലം എത്രയും പെട്ടെന്ന് ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ആറ് വിമാനത്താവളങ്ങൾ ഹബ്ബ് എയർപോർടുകളായി ഉയർത്താൻ കേന്ദ്ര ഗവർമെണ്ട് നടപടി സ്വീകരിച്ചിട്ടുള്ള സാഹചര്യം കേരളത്തിന് വളരെ അനുകൂലമാണ്. കണ്ണൂർ ഒഴികെ മറ്റൊരു വിമാനത്താവളത്തിനും നിലവിൽ ഈ സാധ്യത ഉപയോഗപ്പെടുത്താൻ സാധിക്കില്ല. നിർമ്മാണ ഘട്ടത്തിൽ റൺവേ പര്യാപ്തമായ നിലയിലേക്ക് വിപുലപ്പെടുത്താൻ കണ്ണൂർ വിമാനത്താവളത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്. ഭൂ ഉടമകൾക്ക് ന്യായമായ വില നൽകി സ്ഥലം ഏറ്റെടുക്കാനുള്ള അടിയന്തിര നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണം.

വിമാനത്താവള പദ്ധതിയുടെ തുടക്കത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്ന 4000 മീറ്റർ റൺവേ തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് ചുരുക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ മറ്റ് വിമാനത്താവള ലോബികളുടേയും സങ്കുചിത താൽപര്യക്കാരുടേയും ഇടപെടൽ സംശയിക്കേണ്ടിയിരിക്കുന്നു. 

ലോകത്തിന്റെ എല്ലാ ഭാഗത്തും ധാരളം മലയാളികൾ പ്രവാസികളായി കഴിയുന്നുണ്ട്. നാടുമായുള്ള അടുത്ത ബന്ധത്തിന് എല്ലാവരും ഉറ്റുനോക്കുന്നത് കണ്ണൂർ വിമാനത്താവളത്തേയാണ്. ലോകത്തിലെ  പല പധാന നഗരങ്ങളിൽനിന്നും നിലവിൽ നേരിട്ടുള്ള വിമാന സർവീസ് കേരളത്തിലേക്കില്ല. എന്നാൽ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്താൻ പല പ്രധാന വിമാനക്കമ്പനികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവരിൽ ഏറ്റവുമധികം വടക്കേ മലബാറിൽ നിന്നുള്ളവരാണ്. ഉൽസവ സീസണുകളിലും അവധിക്കാലങ്ങളിലും വൻ ചൂഷണത്തിനാണ് ഇവർ ഇരയാകുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് സാധ്യമായാൽ കുറഞ്ഞ നിരക്കിൽ ഇവർക്ക് നാട്ടിൽവന്ന് പോകനാവും. കൈത്തറി, ഔഷധ സസ്യം, റെഡിമെയ്ഡ്, ഭക്ഷ്യേൽപന്നങ്ങൾ തുടങ്ങി വൻ കയറ്റുമതി സാധ്യതയാണ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് തെളിഞ്ഞുവരുന്നത്. ഇതെല്ലാം പ്രയോജനപ്പെടണമെങ്കിൽ കണ്ണൂർ വിമാനത്താവളം ആധുനിക നിലവാരത്തിനനുസരിച്ചുള്ളതും സാങ്കേതിക സൗകര്യങ്ങൾ ഉള്ളതുമാകണം. 

ഇപ്പോൾ തീരുമാനിച്ചിട്ടുള്ള 3050 മീറ്റര്‍ റൺവേയിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല. നിലവിലുള്ള അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താൻ  റൺവേ 4000 മീറ്ററായി വർധിപ്പിക്കുക മാത്രമാണ് പോംവഴി. ഇതോടൊപ്പം കേന്ദ്രം പ്രഖ്യപിച്ച ഹബ്ബ് വിമാനത്താവളങ്ങളിൽ ഒന്നായി കണ്ണൂരിനെ ഉൾപെടുത്താൻ  സംസ്ഥാന ഗവർമെണ്ട് ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.