കണ്ണൂർ : സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനം വരെ വാർഡ് തലത്തിൽ നടക്കുന്ന വർഗീയ വിരുദ്ധ മതനിരപേക്ഷ കൂട്ടായ്മ വിജയിപ്പിക്കുവാൻ സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ജനങ്ങളോട്  അഭ്യർഥിക്കുന്നു.

മതവർഗീയ ശക്തികൾ നാനാപ്രകാരത്തിൽ ജനങ്ങൾക്കിടയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ്. ചില ജാതിസംഘടനകളെയടക്കം കേന്ദ്രാധികാരം ഉപയോഗിച്ച് ആർ.എസ്.എസ് വർഗീയതയുടെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുകയാണ്. നായാടി മുതൽ നമ്പൂതിരി വരെ ഐക്യമെന്ന മുദ്രാവാക്യം വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്നത് അധികാരത്തിന്റെ അപ്പക്കഷണം മോഹിച്ചാണ്. ഈ അപ്പക്കഷണം സമുദായത്തിലെ പാവപ്പെട്ടവർക്കല്ല പ്രമാണിമാർക്കാണ് ലഭിക്കുക എന്ന് വ്യക്തമായിരിക്കുന്നു. അതിന്റെ ഒന്നാന്തരം തെളിവാണ് പട്ടികജാതി/പട്ടികവർക്ഷ വഭാഗങ്ങൾക്കും മറ്റ് പിന്നോക്ക ജാതികളിൽപ്പെട്ടവർക്കും വർഷങ്ങളായി ലഭിച്ചു വരുന്ന സംവരാണുകൂല്യം ഇല്ലാതാക്കണമെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രഖ്യാപനം. ഇത് ജനങ്ങളെ ആർ.എസ്.എസ് ന്റെ ശാഖയിലെത്തിക്കാനുള്ള ജാതിസംഘടനാ നേതാക്കന്മാരുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ്.

സി.പി.ഐ(എം) നടത്തുന്ന മതനിരപേക്ഷ കൂട്ടായ്മയിൽ ജാതി/മത/രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിക്കും. അന്യമതവിരോധമില്ലാത്ത എല്ലാ മതവിശ്വാസികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. സംവരണ നയത്തിനെതിരെ ആർ.എസ്.എസ് തലവൻ നടത്തിയ പ്രഖ്യാപനത്തിനെതിരെ ഈ കൂട്ടായ്മകളിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കുകയും അത് കേന്ദ്ര ഗവൺമെണ്ടിന് അയച്ചു കൊടുക്കുകയും ചെയ്യും. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന മുഴുവൻ ആളുകളും ഈ കൂട്ടായ്മയിൽ പങ്കെടുക്കുകയും വിജയിപ്പിക്കാനാവശ്യമായ മറ്റ് സഹായസഹകരണങ്ങൾ ചെയ്തു തരണമെന്നും സെക്രട്ടറിയറ്റ് അഭ്യർഥിക്കുന്നു.