കണ്ണൂർ : മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ച ഉദേ്യാഗസ്ഥനടപടി പ്രതിഷേധാർഷമാണ്.  ഡീലിമിറ്റേഷൻ കമ്മീഷൻ നൽകിയ അർദ്ധ ജുഡീഷ്യൽ സ്വഭാവത്തോടുകൂടിയ അധികാരം രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങി ദുരുപയോഗം ചെയ്തത് ന്യായീകരിക്കാനാവില്ല.  ഇക്കാര്യത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ അടിയന്തിരമായും ഇടപെടണം.  ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളെ സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സപ്തംബർ 14ന് ഡീലിമിറ്റേഷൻ കമ്മീഷൻ ഒരു മാർഗരേഖ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്മാർക്ക് അയച്ചിരുന്നു.  പ്രസ്തുത മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചല്ല കണ്ണൂരിൽ നിയോജകമണ്ഡലങ്ങൾ നിർണ്ണയിച്ചത്.  ജനസംഖ്യ, ഭൂമിശാസ്ത്രപരമായ കിടപ്പ്, നദികൾ, കായലുകൾ, സമുദ്രം, കുന്നുകൾ എന്നീ പ്രകൃതിദത്തമായ അതിരുകൾ, ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ എന്നിവയാണ് മണ്ഡലങ്ങൾ നിർണ്ണയിക്കുമ്പോൾ പരിഗണിക്കേണ്ടത്.  തിരുവനന്തപുരം ജില്ലയിൽ പുതിയ മുനിസിപ്പാലിറ്റികൾ ഇല്ലാത്തതു കാരണം യാതൊരു പുനർവിഭജനവുമില്ല.  കമ്മീഷൻ നിർദ്ദേശിച്ചതാവട്ടെ, നഗരസഭകൾ രൂപീകരിച്ചതോടെ ഒഴിവാക്കപ്പെട്ട ബ്ലോക്ക് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ മണ്ഡലങ്ങളുടെ കാര്യത്തിൽ മാത്രമേ പുനർവിഭജനം പാടുള്ളൂ എന്നാണ്.  ജില്ലയിൽ 14 ബ്ലോക്ക് മണ്ഡലങ്ങളാണ് മുനിസിപ്പാലിറ്റികളും കോർപ്പറേഷനുമായി മാറ്റപ്പെടുന്നത്.  11 ബ്ലോക്ക് പഞ്ചായത്തുകളിൽ 5ൽ മാത്രമാണ് പുനസംഘടന ഉണ്ടായത്.  നഗരസഭകളോട് ചേർന്ന ഗ്രാമപഞ്ചായത്തുകൾ ഒഴിവാക്കി അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകൾ ചേർത്തുള്ള ബ്ലോക്ക് പഞ്ചായത്തുകളാണ് അഞ്ചും.  ഈ മാനദണ്ഡം കണ്ണൂർ ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലം രൂപീകരണത്തിന്റെ കാര്യത്തിൽ പരിഗണിച്ചില്ല.  കരിവെള്ളൂർ ഒഴികെ 23 നിയോജകമണ്ഡലങ്ങളും വെട്ടിമുറിച്ച് പുതിയ മണ്ഡലങ്ങളാക്കി മാറ്റി.  

ഭൂമിശാസ്ത്രപരമായി യാതൊരു പൊരുത്തവുമില്ലാത്ത നിയോജകമണ്ഡലങ്ങളാണ് കോളയാടും മാലൂരും.  കേളകം, കണിച്ചാർ, കോളയാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ തമ്മിൽ ബന്ധമുണ്ട്.  കോളയാട് കഴിഞ്ഞാൽ തൊട്ടടുത്ത ഗ്രാമപഞ്ചായത്ത് മാലൂരാണ്.  എന്നാൽ മാലൂരിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് മണ്ഡലവും ഒഴിവാക്കി തില്ലങ്കേരിയിലെ ബ്ലോക്ക് മണ്ഡലങ്ങൾ ചേർത്ത് കോളയാട് ജില്ലാ പഞ്ചായത്ത് മണ്ഡലം രൂപീകരിച്ചു.  മാലൂരാവട്ടെ, എടൂരിൽ നിന്ന് ആരംഭിക്കുകയും കരേറ്റ വരെ 40 കിലോമീറ്റർ ദൈർഘ്യവുമുള്ള മണ്ഡലമായി മാറ്റി.  കാക്കയങ്ങാട് കേന്ദ്രമായ പാല ബ്ലോക്ക് മണ്ഡലം ബന്ധപ്പെടാതെ മുഴക്കുന്നിലെത്താനോ മാലൂരിലേക്ക് കടക്കാനോ കഴിയില്ല. സമാന രീതിയിലാണ് പല നിയോജകമണ്ഡലങ്ങളും വിഭജിച്ചത്.  ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കി ഉയർത്തി.  അതിനാൽ ശ്രീകണ്ഠാപുരം ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലം മാറ്റേണ്ടതുണ്ട്.  45 കിലോമീറ്റർ അകലെയുള്ള മാതമംഗലം നിയോജകമണ്ഡലം എന്തിനാണ് ഇല്ലാതാക്കിയത്?  2010ൽ പെരിന്തട്ട മുതൽ ഉദയഗിരി വരെയുള്ള ഭൂമിശാസ്ത്രപരമായി ബന്ധമുള്ള മണ്ഡലമെന്ന നിലയിലാണ് മാതമംഗലം രൂപീകരിച്ചത്.  എന്നാൽ മാതമംഗലം ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു.  തില്ലങ്കേരി, അഞ്ചരക്കണ്ടി, പെരളശ്ശേരി എന്നീ നിയോജകമണ്ഡലങ്ങൾ ഒഴിവാക്കിയതും നീതീകരിക്കാനാവില്ല.  ''അനുയോജ്യ സന്ദർഭങ്ങളിൽ നിലവിലുള്ള നിയോജകമണ്ഡലത്തിന്റെ പേര് നിലനിർത്താവുന്നതാണെന്ന'' ഡീലിമിറ്റേഷൻ കമ്മീഷൻ നിർദ്ദേശം ലംഘിച്ചു.  

ഏഴു നിയോജകമണ്ഡലങ്ങൾ യാതൊരു മാറ്റവും വരുത്താതെ നിർണ്ണയിക്കാൻ കഴിയുന്നതാണ്.  അതാവട്ടെ കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും ഒരേ മണ്ഡലങ്ങളാണ് താനും. 10 നിയോജകമണ്ഡലങ്ങൾ ഒന്നോ രണ്ടോ ബ്ലോക്ക് പഞ്ചായത്തുകളിൽ മാറ്റം വരുത്തി പുനഃക്രമീകരിക്കാൻ കഴിയും.  7 എണ്ണം മാത്രമാണ് നഗരപ്രദേശങ്ങളുടെ സമീപമണ്ഡലങ്ങളെന്ന നിലയിൽ പുനഃസംഘടന വേണ്ടിവരുന്നത്.  ബ്ലോക്ക് പഞ്ചായത്ത് പുനഃക്രമീകരിച്ചപ്പോൾ പുതിയ മുനിസിപ്പാലിറ്റികളിലുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം പോലും മാറ്റിയിട്ടില്ല. പിന്നെ എന്തുകൊണ്ട് ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങൾ സമൂലമായി മാറ്റം വരുത്തി?  

ചില ഗ്രാമപഞ്ചായത്തുകളിൽ പെടുന്ന സമീപബ്ലോക്ക് മണ്ഡലങ്ങൾ വ്യത്യസ്ത ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലുൾപ്പെടുത്തി. അതുമൂലം അതിരുകൾ പോലും വ്യക്തമായി ചൂണ്ടിക്കാട്ടാൻ കഴിഞ്ഞില്ല. ഉദാഹരണമായി പാട്യം ജില്ലാ പഞ്ചായത്ത് മണ്ഡലത്തിൽ പാട്യം ഗ്രാമപഞ്ചായത്തിൽ പെടുന്ന മുതിയങ്ങ ബ്ലോക്ക് മണ്ഡലം ഉൾപ്പെടുത്തിയില്ല.  ചില നിയോജകമണ്ഡലങ്ങളിലെ ജനസംഖ്യ അനുവദനീയമായ ശരാശരിയെക്കാൾ 25% കുറവും ചില മണ്ഡലങ്ങളിൽ അത് 19% കൂടുതലുമാണ്.  എന്നാൽ പുനഃസംഘടന ഒഴിവാക്കി ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയാൽ ജനസംഖ്യ എല്ലാ മണ്ഡലങ്ങളിലും ഏറെക്കുറെ 10% ഏറ്റക്കുറച്ചിലോടെ ഏകീകരിച്ചുകൊണ്ടുവരാൻ കഴിയുമായിരുന്നു.  ആലക്കോട്, പയ്യാവൂർ, പേരാവൂർ, കോളയാട്, പാട്യം, പന്ന്യന്നൂർ, ചെറുകുന്ന് എന്നീ 8 മണ്ഡലങ്ങൾ രൂപീകരിച്ചത് ഇത്തരത്തിൽ യാതൊരു തത്വദീക്ഷയുമില്ലാതെയാണ്.  

ഒരു ജില്ലാ പഞ്ചായത്ത് മണ്ഡലത്തിന്റെ പേരുപോലും ധൃതിപിടിച്ച് മണ്ഡലങ്ങൾ വെട്ടിമുറിച്ചപ്പോൾ രേഖപ്പെടുത്താൻ വിട്ടുപോയി.   ഉദേ്യാഗസ്ഥരെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ യുഡിഎഫ് സർക്കാർ ഭീഷണിപ്പെടുത്തി പ്രേരിപ്പിക്കുന്നതുമൂലമാണ് ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാവുന്നത്.  ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ വരുതിയിലാക്കി തെറ്റായ നടപടികൾ സ്വീകരിച്ച നിരവധി അനുഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  നിയമവ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ച് തയ്യാറാക്കിയ ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ കരട് നിർദ്ദേശങ്ങൾ റദ്ദാക്കി മാനദണ്ഡം പൂർണ്ണമായി പാലിച്ചുകൊണ്ട് നിയോജകമണ്ഡലങ്ങൾ തയ്യാറാക്കണമെന്നും ഇക്കാര്യത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നു.