കണ്ണൂർ : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ദ്രൂതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും വർഡ് വിഭജനം പൂർത്തീകരിച്ച്  വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതുവരെയായും പുതുതായി രൂപീകരിച്ച മുൻസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇത് കാരണം വോട്ടർ പട്ടിക പരിശോധിച്ച് പുതിയ പേരുകൾ ഉൾപ്പെടുത്താനും പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾക്ക് അപേക്ഷ നൽകുവാനും സാധ്യമാവുന്നില്ല. ഗ്രാമ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും വോട്ടർപട്ടികയിൽ പേർ ചേർക്കുന്നതിന് സപ്തംബർ 23 മുതൽ അവസരമുണ്ടാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. എന്നാൽ പുതുതായി രൂപീകരിച്ച മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും ഓൺലൈൻ സംവിധാനം ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഇത് കാരണം പുതിയ വോട്ട് ചേർക്കുന്നതിനോ വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുകയാണ്. വോട്ടർ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ തന്നെ നിശ്ചയിക്കപ്പെട്ട സമയം പാലിക്കപ്പെട്ടിട്ടില്ല. ഒക്‌ടോബർ 5 വരെ മാത്രമാണ് വോട്ടുകൾ ചേർക്കാനും മറ്റുമുള്ള അവസരം കമ്മീഷൻ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട മുൻസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും വോട്ടർപട്ടിക അടിയന്തിരമായും പ്രസിദ്ധീകരിക്കാനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും പുതിയ വോട്ടുകൾ ചേർക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാൻ കമ്മീഷൻ മുന്നോട്ട് വരണമെന്നും  സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യുപ്പെട്ടു.