കണ്ണൂർ : സി പി ഐ (എം) മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുസ്ലീം ന്യൂനപക്ഷത്തിൽപ്പെട്ട പ്രവർത്തകരെ വധിക്കുമെന്ന ശ്രീരാമസേനയുടെ ഭീഷണി മതഭീകരതയുടെ അരങ്ങേറ്റമാണെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനെ തുടർന്ന് രാജ്യത്തുടനീളം ശ്രീരാമസേനയെപ്പോലുള്ള സംഘടനകൾ എതിരഭിപ്രായക്കാർക്കെതിരായി ഇത്തരം ഭീഷണികൾ ഉയർത്തിവരികയാണ്. കർണാടകത്തിൽ ഇതേ അവസരത്തിലാണ് കലബുർഗി വധത്തിനെതിരെ പ്രതികരിച്ച എഴുത്തുകാർക്കെതിരെയും ശ്രീരാമസേന വധഭീഷണി മുഴക്കിയത്. ശ്രീരാമസേനയുടെ രക്ഷാകർത്താക്കൾ അവർ നിഷേധിക്കുമെങ്കിലും ആർ.എസ്.എസ് നേതൃത്വമാണ്. ശ്രീരാമസേനയെന്നത് പ്രച്ഛന്നവേഷമിട്ട ആർ.എസ്.എസ് ആണ്. ആർ.എസ്.എസ് ന്റെ പ്രവർത്തനങ്ങളാവട്ടെ ഭാരതീയ സംസ്‌കാരത്തിന് കടകവിരുദ്ധവുമാണ്. ഇത്തരം നീക്കം മതനിരപേക്ഷതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിനും വൻ ഭീഷണിയാണ്.

പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ. കെ വിശ്വന് അയച്ച കത്തിലാണ് സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എ.എൻ.ഷംസീർ ഉൾപ്പെടെയുള്ള  പ്രവർത്തകർക്കെതിരെ ശ്രീരാമസേന വധഭീഷണി ഉയർത്തിയത്. അതോടൊപ്പം തന്നെ അഭിഭാഷകനായ അഡ്വ.വിശ്വന് നേരെയും ഭീഷണി ഉയർത്തുകയുണ്ടായി. പ്രസ്തുത ഭീഷണിക്കത്തിൽ 1971 ന് ശേഷം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ കുടിയേറിയ മുസ്ലീങ്ങൾ 6 മാസത്തിനുള്ളിൽ ഒഴിഞ്ഞു പോവണമെന്നും അല്ലെങ്കിൽ ഭവിഷ്യത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആർ.എസ്.എസ് ആസൂത്രണം ചെയ്ത തലശ്ശേരി വർഗീയ കലാപത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് 1971 ശ്രീരാമസേനയുടെ പ്രസ്താവനയിൽ ഉൾപ്പെടുത്താൻ കാരണം. ഇത് വർഗ്ഗീയ കലാപത്തിനുള്ള ഒരുക്കമായി സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ മറ്റു പലയിടത്തും ഉയർത്തുന്ന ഇത്തരം ഭീഷണികൾ കേരളീയ സമൂഹത്തിൽ ഈയടുത്ത് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഭാഗത്ത് ആർ.എസ്.എസ് തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള ഭരണ നേതാക്കൾ ഇതിനാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരം സ്ഥിതി വിശേഷം ഉണ്ടാകുന്നത്. ആർ എസ് എസിനെ പോലെ പോപ്പുലർ ഫ്രണ്ടും രംഗത്തു വന്നിട്ടുണ്ട്. അവരും സി.പി.ഐ(എം) പ്രവർത്തകരെ ആക്രമിക്കുകയാണ്.  പുഞ്ചക്കോട് ബ്രാഞ്ച് സെക്രട്ടറി വിജയനും, വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി ധനീഷിനെയും ഉൾപ്പെട െരാമന്തളിയിലും പയ്യന്നൂരിലുമായി സി.പി.ഐ(എം) ന്റെ 3 പ്രവർത്തകരെയാണ്   പോപ്പുലർ ഫ്രണ്ടുകാർ മാരകാമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. 

സംഘപരിവാരം ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ഉയർത്തുന്ന ഭീഷണിക്കെതിരായി ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും പോലീസ് കർക്കശമായ നടപടി കൈക്കൊണ്ട് ഇതിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.