കണ്ണൂർ : മൺമറഞ്ഞ ദേശീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മാരകങ്ങൾ പൊളിച്ചുമാറ്റാനുള്ള ഒരു വിഭാഗം പോലീസ് അധികാരികളുടെ നീക്കം അപലപനീയമാണെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി അറിയിച്ചു. നാടിനും നാട്ടാർക്കും വേണ്ടി ജീവിതം തന്നെ ഹോമിച്ച ദേശീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മരണ നിലനിർത്തുന്നതിന് നാട്ടുകാർ മുൻകൈയെടുത്ത് കെട്ടിയുയർത്തിയ സ്മാരകങ്ങൾ നിരവധി കാലങ്ങളായി നിലനിന്ന് പോരുന്നു. ഈ സ്മാരകങ്ങൾ മാറി മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥർ പൊളിച്ച് നീക്കാൻ തയ്യാറായില്ല.

പാപ്പിനിശ്ശേരി, ഇരിണാവ് പ്രദേശങ്ങളിൽ ഇക്കഴിഞ്ഞ ദിവസം സി പി ഐ(എം) കൊടിയും കൊടിമരങ്ങളും സ്മാരക സ്തൂപങ്ങളും പൊളിച്ച് നീക്കാൻ പോലീസ് വൻ സന്നാഹത്തോടെയാണ് വന്നത്. അധികാര പ്രമത്തരായ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥന്മാർ തന്നിഷ്ടത്തോടെ പ്രവർത്തിക്കുകയാണ്. ഇടതുപക്ഷ മുന്നണി സർക്കാരിന്റെ നയങ്ങൾക്കെതിരായി ജനങ്ങളെ പ്രകോപിപ്പിക്കാനും വെല്ലുവിളിക്കാനുമാണ് കണ്ണൂർ ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥന്മാർ തയ്യാറാവുന്നത്. അടിയന്തിരാവസ്ഥയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്ത് പോലും പാർട്ടി സ്മാരകങ്ങളും കൊടിയും കൊടിമരങ്ങളും സംരക്ഷിച്ച പാരമ്പര്യമാണ് കണ്ണൂരിലെ ജനങ്ങൾക്കുള്ളത്. അന്നൊന്നുമില്ലാത്ത ഭീഷണിയുമായി പോലീസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നാൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് അതിനെ നേരിടുക തന്നെ ചെയ്യും

 

സർക്കാരിന്റെ നയങ്ങൾക്കെതിരായി വെല്ലുവിളി ഉയർത്തിക്കൊണ്ട് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ജില്ലയിലെ പോലീസ് അധികാരികളുടെ നിലപാടിനെക്കുറിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.