കണ്ണൂർ : കണ്ണൂർ ജില്ലയിലെ സമാധാന ജീവിതം തകർത്ത് അക്രമങ്ങൾ അഴിച്ച് വിടാനുള്ള ആർ എസ് എസ്-ബി ജെ പി സംഘത്തിന്റെ ഗൂഡ പദ്ധതിയാണ് കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയിൽ കണ്ടത്.

കീഴൂർ ചാളക്കരയിൽ കഴിഞ്ഞ ദിവസം രാത്രി ആർ എസ് എസ് ക്രിമിനലുകൾ സി പി ഐ(എം) പ്രവർത്തകരുടെ വീടുകൾ തകർക്കുന്നതിനും കൊള്ളയടിക്കുന്നതിന് അവസരമൊരുക്കിക്കൊടുത്ത കണ്ണൂർ എസ് പി-യേയും ഇരിട്ടി ഡി വൈ എസ് പി-യേയും സസ്‌പെന്റ് ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി ആവശ്യപ്പെട്ടു.

മാർച്ച് 28-നു വൈകുന്നേരം കീഴൂർ ചാളക്കരയിൽ ആർ എസ് എസ്-ബി ജെ പി പ്രവർത്തകർ ബോധപൂർവ്വം സൃഷ്ടിച്ച തർക്ക പ്രശ്‌നത്തിൽ പോലീസ് ഇടപെട്ടതിനെ തുടർന്ന് ഇവർ പിരിഞ്ഞു പോയതാണ്. പിരിഞ്ഞുപോയ ആർ എസ് എസുകാർ നിങ്ങൾക്ക് രാത്രി കാണിച്ചുതരാം എന്ന് ഭീഷണി ഉയർത്തിയിരുന്നു. ഇവർ വീടുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭയന്ന വീട്ടുകാർ കുരുന്നൻ ചന്ദ്രികയുടെ വീട്ടിൽ ഒത്തുചേർന്ന് വീടുകൾക്ക് സംരക്ഷണത്തിനായി ഒരുമിച്ച് നിൽക്കുകയായിരുന്നു. ആർ എസ് എസ്-കാർ വിളിച്ചറിയിച്ചതിനെ തുടർന്ന് യുദ്ധ സന്നാഹത്തോടെ വന്ന പോലീസുകാർ വീട് വളഞ്ഞ് ചന്ദ്രികയുടെ മകൻ വിജേഷ് ഉൾപ്പെടെ 20 ഓളം പേരെ പിടിച്ചുകൊണ്ടുപോവുകയാണുണ്ടായത്.

പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സി പി ഐ (എം) ഇരിട്ടി ഏറിയാ സെക്രട്ടറി കെ ശ്രീധരനടക്കമുള്ള നേതാക്കൾ ഒരു കേസിലും പ്രതിയല്ലാത്തവരെ കസ്റ്റഡിയിലെടുത്തത് ശരിയല്ലെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കീഴൂർ ചാളക്കര മേഖലയിലെ പുരുഷന്മാരെയാകെ കസ്റ്റഡിയിൽ വെച്ചാൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി ആർ എസ് എസ്-കാർ അക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്തവരെ കള്ള കേസിൽ പ്രതി ചേർത്ത് രാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നു.

ഇരിട്ടി ഡി വൈ എസ് പി ആർ എസ് എസ് നേതാക്കളോട് കീഴൂരിലെ 20-ഓളം സി പി ഐ(എം) പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇനി പ്രശ്‌നമുണ്ടാവില്ലെന്നും ഫോണിൽ സംസാരിക്കുന്നത് സ്റ്റേഷനിലുണ്ടായിരുന്നവർ കേട്ടതാണ്. ഈ സമയത്ത് എസ് പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്റ്റേഷനിലുണ്ടായിരുന്നു.

കീഴൂർ ചാളക്കര പ്രദേശത്തെ പുരുഷന്മാരെെയല്ലാം പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയെന്ന് മനസിലാക്കിയതോടെയാണ് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾക്കു നേരെ ആർ എസ് എസ്-കാർ അതി പൈശാചികമായ അക്രമണം നടത്തിയത്. വീടിന്റെ ജനലുകൾ, വാതിലുകൾ, അടുക്കള തട്ടുകൾ, ഫ്രിഡ്ജ്, മറ്റ് ഫർണ്ണിച്ചറുകൾ, ടി വി, പൈപ്പ് ലൈനുകൾ, കക്കൂസ് ക്ലോസറ്റുകൾ തുടങ്ങി വീട്ടിലുള്ള സർവ്വ ഉപകരണങ്ങളും തകർക്കുകയുണ്ടായി. മോഹനന്റെയും ചന്തുക്കുട്ടിയുടെയും വീടുകളിൽ നിന്ന് സ്വർണ്ണവും പണവും കൊള്ളയടിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലത്ത് സി പി ഐ(എം) പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയതിനു ശേഷം സ്ത്രീകൾ മാത്രമുള്ള വീടുകൾക്ക് നേരെ കോൺഗ്രസ് ഗുണ്ടകൾ  നടത്തിയ അക്രമണവും കൊള്ളയടിയും ഓർമ്മിപ്പിക്കും വിധമാണ് കീഴൂരിൽ ആർ എസ് എസ്-കാർക്ക് അക്രമണം നടത്തുന്നതിന് പോലീസ് അനുകൂല സാഹചര്യം സൃഷ്ടിച്ചത്. 

 

ഈ ഹീനമായ കൃത്യം നടത്തുന്നതിന് സാഹചര്യമൊരുക്കിയ കണ്ണൂർ എസ് പി, ഇരിട്ടി ഡി വൈ എസ് പി എന്നിവരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും പി ശശി പ്രസ്താവനയിൽ പറഞ്ഞു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം അക്രമണം സംഘടിപ്പിക്കുന്നതിനുള്ള ആർ എസ് എസ്-ബി ജെ പി സംഘത്തിന്റെ ഗൂഡ ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും ഇവർ നടത്തിയ അക്രമണങ്ങളെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അപലപിക്കണമെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണെന്നും പി ശശി പറഞ്ഞു.