കണ്ണൂർ : കണ്ണൂർ ജില്ലയിലെ സമാധാന ജീവിതം തകർത്ത് അക്രമങ്ങൾ അഴിച്ച് വിടാനുള്ള ആർ എസ് എസ്-ബി ജെ പി സംഘത്തിന്റെ ഗൂഡ പദ്ധതിയാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ടിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്.  ആർ എസ് എസ്-ബി ജെ പി, എൻ ഡി എഫ് തുടങ്ങിയ വർഗ്ഗീയ-തീവ്രവാദ ശക്തികളുടെ ഭാഗത്ത് നിന്ന് വ്യാപകമായ അക്രമങ്ങളും വെല്ലുവിളികളുമാണ് കഴിഞ്ഞ കുറെ നാളുകളായി സി പി ഐ(എം) പ്രവർത്തകർക്ക് നേരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നാടിന്റെ സമാധാന ജീവിതം സംരക്ഷിക്കാനുള്ള സി പി ഐ(എം) മുൻകൈയുടെ ഭാഗമായി സി പി ഐ(എം) പ്രവർത്തകർ ഇതിനെയെല്ലാം തികഞ്ഞ ആത്മസംയമനത്തോടെയാണ് നേരിട്ടത്. എന്നാൽ അക്രമം വ്യാപിപ്പിക്കാനും സമാധാനം തകർക്കാനുമുള്ള ആഹ്വാനം ബി ജെ പി-യുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിന്റെ  ഭാഗത്തുനിന്നുണ്ടായത് തികച്ചും പ്രതിഷേധാർഹമാണ്.

ഇരിണാവിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളെ രാഷ്ട്രീയ നിറം നൽകി പർവ്വതീകരിക്കാനാണിവർ ശ്രമിക്കുന്നത്. അവിടെ സന്ദർശിക്കുന്ന ഏതൊരാൾക്കും ഇത് രാഷ്ട്രീയ കാരണമല്ല മറിച്ച് തെറ്റായ പെരുമാറ്റങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് മനസിലാക്കാൻ കഴിയും. ഇത് മൂടിവെക്കാൻ വേണ്ടിയാണ് ബി ജെ പി നേതൃത്വം കള്ള പ്രചാരവേലയുമായി രംഗത്ത് വന്നിട്ടുള്ളത്.

ഇരിട്ടിയിലെ എം ജി കോളജിൽ ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകൻ പ്രമോദ് വെള്ളച്ചാലിനെ ക്ലാസിൽ കയറി കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ധിച്ച സംഭവം ബി ജെ പി-ആർ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. തുടർന്ന് ഇരിട്ടിയിൽ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി കടകളടപ്പിക്കാനാണ് ആർ എസ് എസ്-ബി ജെ പി പ്രവർത്തകർ തയ്യാറായത്.

ഇരിട്ടി, പുന്നാട്, ചാവശ്ശേരി മേഖലകളിൽ വായനശാലകൾ പൊളിച്ചും കൊടിമരങ്ങളും സ്തൂപങ്ങളും തകർത്തും തുടർച്ചയായി ഇവർ സി പി ഐ(എം) നു നേരെ കടന്നാക്രമണങ്ങളും വെല്ലുവിളികളും ഉയർത്തിക്കൊണ്ടുവരികയാണ്. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ നടത്തി ജനങ്ങളെ ഭയപ്പെടുത്താനാണിവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം അക്രമങ്ങളും പ്രകോപനങ്ങളും തികഞ്ഞ സംയമനത്തോടെയാണ് സി പി ഐ(എം) പ്രവർത്തകർ നോക്കിക്കണ്ടത്.

തലശ്ശേരിക്കടുത്ത് പള്ളൂരിൽ യാതൊരു പ്രകോപനവുമില്ലാതെ ആർ എസ് എസ്-ബി ജെ പി സംഘമഴിച്ച് വിട്ട ആസൂത്രിത അക്രമത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ 3 സി പി ഐ(എം) പ്രവർത്തകരും ഒരു കോൺഗ്രസ് അനുഭാവിയും ഇപ്പോഴും ചികിത്സയിലാണ്.

ഇരിവേരിയിലെ സി പി ഐ(എം) പ്രവർത്തകനായ വി കരുണന്റെ വീടിനു നേരെ മാർച്ച് 9-നു രാത്രി ഒരു സംഘം ആർ എസ് എസ് ക്രിമിനലുകൾ അക്രമണം നടത്തുകയുണ്ടായി. ഇങ്ങനെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അക്രമണങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ സംരക്ഷികനായിട്ടാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് നടത്തിയ കലാപത്തിനുള്ള ആഹ്വാനം കണ്ണൂരിലെ ജനങ്ങളുടെ സമാധാന ജീവിതത്തിനു നേരെയുള്ള വെല്ലുവിളിയാണ്. നാടിന്റെ സമാധാനം ജീവിതം കാംക്ഷിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിക്കൊണ്ട് ഈ വെല്ലുവിളിയെ ജനങ്ങൾ നേരിടുക തന്നെ ചെയ്യും.

 

ആർ എസ് എസ്-ബി ജെ പി ക്രിമിനലുകൾ ഒരു ഭാഗത്തും മാട്ടൂൽ, മയ്യിൽ, പാപ്പിനിശ്ശേരി പ്രദേശങ്ങളിൽ എൻ ഡി എഫ് ക്രിമിനലുകൾ മറു ഭാഗത്തും നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ എല്ലാ സമാധാനകാംക്ഷികളായ ജനങ്ങളും മുന്നോട്ട് വരണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി അഭ്യർത്ഥിച്ചു.