കണ്ണൂർ : കോടിക്കണക്കിന് രൂപ സമ്പാദ്യമുണ്ടാക്കുന്നതിന് കേന്ദ്ര മന്ത്രി എന്ന അധികാരമുപയോഗിച്ച് ഐ പി എൽ വിവാദത്തിൽ രാജിവെച്ച ശശി തരൂരിനെ പരസ്യമായി ന്യായീകരിച്ച് അഴിമതിക്ക് കൂട്ട് നിന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാവണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു.

ഇന്ത്യൻ പാർലിമെന്റിൽ കോളിളക്കം സൃഷ്ടിച്ച ഐ പി എൽ വിവാദത്തിൽ തരൂരിനെ ന്യായീകരിക്കാൻ കണ്ണൂർ എം പിയാണ് മുന്നോട്ട് വന്നത്. തരൂർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നാടിന്റെ കായിക വികസനത്തിന് വേണ്ടി ത്യാഗപൂർവ്വമായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നുമാണ് ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദ്ധീകരിച്ചത്. എന്നാൽ കേന്ദ്ര മന്ത്രിയായ തരൂർ കടുത്ത സ്വഭാവ ദൂഷ്യവും അഴിമതിയുമാണ് കാട്ടിയതെന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയത്. വൻ അഴിമതിക്ക് അധികാരസ്ഥാനം ദുരുപയോഗിച്ച തരൂരിനെകൊണ്ട് ബലമായി  മന്ത്രിസ്ഥാനം രാജിവെപ്പിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

കോൺഗ്രസിന്റെ രാഷ്ട്രീയ ദുഷിപ്പിന്റെ പ്രതിരൂപമാണ് തരൂർമാർ. അത്തരമൊരാളെ പരസ്യമായി ന്യായീകരിച്ച സുധാകരനെതിരെ എന്ത് നടപടിയാണ് കോൺഗ്രസ് നേതൃത്വവും ഹൈക്കമാന്റും എടുക്കുന്നതെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്.

ശശി തരൂരിന്റെ നിലപാടുകളോടും നിലവാരത്തോടും എന്തുകൊണ്ടും ചേർന്ന് നിൽക്കാൻ പറ്റുന്നയാളാണ് സുധാകരൻ. സ്വന്തം സ്വാർത്ഥ താൽപര്യത്തിനു വേണ്ടി അധികാര സ്ഥാനം ദുരുപയോഗിച്ച ഇദ്ദേഹം തരൂരിനെ ന്യായീകരിച്ചതിൽ അത്ഭുതമില്ല. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ പത്ര സമ്മേളനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുധാകരന് ഒരു ജന പ്രതിനിധിയായി ഇരിക്കാൻ യാതൊരു യോഗ്യതയുമില്ലെന്ന് എല്ലാ വിഭാഗം ജനങ്ങളും ചിന്തിക്കേണ്ടതാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കന്മാർ പ്രതികരിക്കാൻ തയ്യാറാവണമെന്നും പി ശശി അഭ്യർത്ഥിച്ചു.