കണ്ണൂർ : സി പി ഐ (എം) ജില്ലാ സെക്രട്ടറി സ: പി ശശിക്ക് ചികിത്സാർത്ഥം അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നടത്തുന്ന തെറ്റായ പ്രചരണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സെക്രട്ടറി ചുമതല വഹിക്കുന്ന പ്രവർത്തകർ അവധി അപേക്ഷിക്കുന്നതും അതനുവദിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സഖാവിന് ചുമതല നൽകുന്നതും പാർട്ടിക്കകത്തെ സാധാരണ നടപടി ക്രമം മാത്രമാണ്. ഇതൊന്നും മനസിലാക്കാതെ പാർട്ടിക്കെതിരെ എന്തു നുണയും പ്രചരിപ്പിക്കാമെന്നാണ് ചില മാധ്യമങ്ങൾ കരുതുന്നത്.

സി പി ഐ (എം) നേതാവ് സ: ഇ പി ജയരാജന് വെടിവെയേറ്റപ്പോൾ പോലും പകരം ചുമതല നൽകിയില്ലെന്നാണ് ചില പത്രങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്. 1995 ഏപ്രിൽ മാസത്തിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ട്രയിനിൽ തിരിച്ചു വരുമ്പോഴാണ് ആന്ധ്രാപ്രദേശിൽ വെച്ച് സുധാകര-രാഘവ സംഘം ആർ എസ് എസ്‌കാരെ വാടകക്കെടുത്ത് സ: ഇ പി ജയരാജനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ട സഖാവ് ചികിത്സയിൽ കഴിഞ്ഞപ്പോഴും തുടർന്ന് 1995 സപ്തംബറിലെ തദ്ദേശ തെരഞ്ഞെടുപ്പ് അവസരത്തിൽ 3 ആഴ്ച ലണ്ടനിൽ ചികിത്സ തേടിയപ്പോഴും സ: എം വി ഗോവിന്ദൻ മാസ്റ്ററെയാണ് പാർട്ടി ജില്ലാ ആക്ടിങ്ങ് സെക്രട്ടറിയായി നിശ്ചയിച്ചിരുന്നത്.

ഇപ്പോഴാകട്ടെ നേരത്തെ ഏറ്റ പോലീസ് മർദ്ദനത്തിന്റെ ഫലമായുള്ള അസുഖത്തിന് നടത്തിയ ചികിത്സ ഫലപ്രദമാവാത്തതിനാൽ കോയമ്പത്തൂരിൽ തുടർ ചികിത്സ നടത്തുന്നതിന് അവധി നൽകണമെന്ന സ: പി ശശിയുടെ അഭ്യർത്ഥന അംഗീകരിക്കുകയാണ് ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായത്. അതല്ലാതെ സ: പി ശശിക്കെതിരെ യാതൊരു പരാതിയും യോഗത്തിൽ ഉന്നയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചരണം പാർട്ടിക്കെതിരെ എന്തു നെറികേടും വിളിച്ച് പറയാനുള്ള ചില മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗവുമാണ്.

 

പ്രധാനമായും പരിയാരം മെഡിക്കൽ കോളേജ് തെരഞ്ഞെടുപ്പിനെക്കുറിച്ചാലോചിക്കാനാണ് മേൽക്കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. അതോടൊപ്പം അവധി അപേക്ഷ കൂടി പരിഗണിച്ചു തീരുമാനമെടുക്കുകയാണുണ്ടായത്.