കണ്ണൂർ : തലശ്ശേരിലെ മാലിന്യ പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം ഉചിതമല്ലെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. നഗര-ഗ്രാമവ്യത്യസമില്ലാതെ എല്ലായിടത്തും മാലിന്യസംസ്‌ക്കരണം ഒരു പ്രധാന പ്രശ്‌നമാണ്. അത് പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും, സർക്കാരും ശാസ്ത്രീയമായ പരിഹാര നടപടികൾ സ്വീകരിക്കണം. വൻകിട പദ്ധതികൾക്കു പകരം ചെറുകിട പദ്ധതികളാണ് അഭികാമ്യമെന്ന് തെളിഞ്ഞിട്ടുണ്ട്. തലശ്ശേരി മുൻസിപ്പാലിറ്റിയാവട്ടെ 2.5 കോടി രൂപ പ്രവർത്തന ചെലവ് വരുന്ന ഒരു സമഗ്രപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. അത് ശുചിത്വമിഷ്യന്റെയും സർക്കാരിന്റെയും പരിഗണനയിലിരിക്കയാണ്. ചില നിക്ഷിപ്ത താൽപര്യക്കാർ ഇതൊന്നും പരിഗണിക്കാതെ സമരം ആരംഭിച്ചു.  മുൻസിപ്പൽ അധികൃതർ സർവ്വകക്ഷി യോഗം നടത്തുകയും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന പദ്ധതി നടപ്പാക്കാനാശ്യമായ നടപടികൾക്ക് വേഗം കൂട്ടണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മന്ത്രി വിളിച്ച ചർച്ചയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചപ്പോൾ സമര സമിതി ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അത്തരമൊരു സമരത്തെ സഹായിക്കാൻ പി രാമകൃഷ്ണനെപ്പോലുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവ് രംഗത്തിറങ്ങിയത് ശരിയായില്ല. സാധാരണ നിലയിൽ കോൺഗ്രസിനു പോലും അംഗീകരിക്കാനാവാത്ത സമരമാണ് ഇപ്പോൾ തലശ്ശേരിയിൽ നടക്കുന്നത്. തിങ്കളാഴ്ച്ചയാവട്ടെ  മുൻസിപ്പൽ ഓഫീസിൽ കയറി ജീവനക്കാരെ കയ്യേറ്റാശ്രമം നടത്തുകയും ഫയലുകൾ നശിപ്പിക്കുകയുമുണ്ടായി. പി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ദിവസവും സമരക്കാർ വനിതകൾ ഉൾപ്പെടെ കൗൺസിലർമാരെ ക്രൂരമായി അക്രമിച്ചു. ഈ ബഹളത്തിനിടയിൽ പി രാമകൃഷ്ണന്റെ ഷർട്ട് കീറാനിടയായ സംഭവം ദൗർഭാഗ്യകരമാണ്.

 

കണ്ണൂർ മുൻസിപ്പാലിറ്റിയുടെ മാലിന്യപ്രശ്‌നം വഷളാവുകയും തുടർച്ചയായ സമരം ഉണ്ടാവുകയും ചെയ്തപ്പോൾ ദീർഘകാലം ഡി സി സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണൻ കണ്ണൂർ മുൻസിപ്പാലിറ്റിക്കു മുമ്പിൽ സമരത്തിന് നേതൃത്വം കൊടുത്തതായി കണ്ടില്ല. അപ്പോഴും സി പി ഐ(എം) മാലിന്യ പ്രശ്‌നത്തെ രാഷ്ട്രീയ വൽക്കരിച്ചിട്ടില്ല. തലശ്ശേരിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക തന്നെ വേണം. അതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്.