സിപിഐ എം ജില്ലാ സമ്മേളന പതാകദിനാചരണം വിജയിപ്പിക്കുക

കണ്ണൂർ : കാവുമ്പായി രക്തസാക്ഷിദിനമായ ഡിസംബർ 30ന് ജില്ലയിലെമ്പാടും ചെങ്കൊടികളുയർത്തി സിപിഐ എം ജില്ലാ സമ്മേളന പതാകദിനം ആചരിക്കാൻ ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 20ാം പാർടി കോൺഗ്രസിന്റെ പ്രതീകമായി എല്ലാ ബ്രാഞ്ച് പ്രദേശങ്ങളിലും 20 കൊടികൾവീതം ഉയർത്തണം. സമ്മേളനത്തിന്റെ സന്ദേശമറിയിച്ച് ബോർഡുകളും ചുവരെഴുത്തും മറ്റ് പ്രചാരണപ്രവർത്തനങ്ങളും വ്യാപകമായി സംഘടിപ്പിക്കണം. സമ്മേളനത്തിന്റെ അനുബന്ധപരിപാടികളിൽ നല്ല പങ്കാളിത്തം ഉറപ്പാക്കണം.

സമ്മേളനം നടക്കുന്ന പയ്യന്നുരിലും പരിസരങ്ങളിലും ആവേശകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പതാകദിനത്തിൽ നഗരത്തിലെ 20 കേന്ദ്രങ്ങളിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പതാകഉയർത്തും. പയ്യന്നുർ ഏരിയയിലെ മുഴുവൻ പാർടി അംഗങ്ങളുടെ വീടുകളിലും പതാക ഉയരും.

ജില്ലയിലെ 18 ഏരിയകളിലും വമ്പിച്ച ബഹുജനപങ്കാളിത്തത്തോടെയാണ് സമ്മേളനങ്ങൾ പൂർത്തിയാക്കിയത്. പാർടി അംഗങ്ങളും അനുഭാവികളും പാർടിബന്ധുക്കളും സമ്മേളന പ്രവർത്തനങ്ങൾക്ക് ആവേശപൂർവ്വമാണ് മുന്നോട്ടുവന്നത്. ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ സംഘടനയിലും ബഹുജനങ്ങളിലും വലിയ ഉണർവാണ് സൃഷ്ടിച്ചത്. ജാതിമത, വർഗ വ്യത്യാസമെന്യേ എല്ലാ വിഭാഗം ജനങ്ങളും സമ്മേളന പ്രവർത്തനങ്ങളോട് സഹകരിച്ചു.

ജനുവരി 13 മുതൽ 15 വരെ പയ്യന്നുരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. പരിപാടികൾ വൻവിജയമാക്കുന്നതിന് പാർടി പ്രവർത്തകരും അനുഭാവികളും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർത്ഥിച്ചു.