കണ്ണൂർ ഇരിട്ടിയിൽ കൂട്ട ബലാത്സംഗത്തിനിരയായ ബംഗാളി പെൺകുട്ടിയുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഉന്നതമായ സംസ്‌കാരത്തിന് അങ്ങേയറ്റം കളങ്കമുണ്ടാക്കുന്ന സംഭവമാണിതെന്ന് പി ജയരാജൻ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധമുള്ള അനുഭവങ്ങളാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. അതിവേഗം കുറ്റവാളികളെ കണ്ടെത്തുന്നതിന് പൊലീസ് സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണ്.

 

മണിക്കൂറുകൾ നീണ്ട പീഢനത്തിനിരയായ പെൺകുട്ടിയുടെ മനോനില തകർന്നിരിക്കുകയാണ്. ബംഗാളിലെ ഗ്രാമ്യ ഭാഷ സംസാരിക്കുന്നതിനാൽ സൈക്കോ തെറാപ്പി നടത്തുന്നതിന് പ്രയാസം നേരിടുന്നുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൂർവാവസ്ഥയിൽ എത്തിക്കാൻ കൂടുതൽ ഫലപ്രദമായ ചികിത്സ വേണ്ടിവരും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. പെൺകുട്ടിയെ പി ജയരാജൻ ആശുപത്രിയിൽ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശനും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടിയെ ചികിത്സിക്കുന്ന മനശാസ്ത്ര വിദഗ്ധൻ ഡോ. റിജിനുമായി ഇരുവരും ആശയവിനിമയവും നടത്തി.