കണ്ണൂർ ചേലോറ വണ്ട്യാലയിലെ സിപിഐ (എം) ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്ന ഇ എം എസ് മന്ദിരവും അഴീക്കോടൻ സ്മാരക വയനശാലയും ആർ എസ് എസുകാർ ആക്രമിച്ച് തകർത്തിൽ സിപിഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തിയായി പ്രതിഷേധിച്ചു. ഞായറാഴ്ച അർധരാത്രിക്കുശേഷമാണ് ആക്രമണം നടന്നത്. വായനശാലയിലെ നിരവധി പുസ്തകങ്ങളും നശിപ്പിച്ചു.

പുതുവർഷകാഘോഷത്തിന്റെ ഭാഗമായി പാട്ടുവെക്കാൻ ഉപയോഗിച്ച ആംപ്ലിഫയർ, സി ഡി പ്ലയർ, ടിവി അലമാര, ഫർണിച്ചറുകൾ എന്നിവയെല്ലാം തകർത്തു. വണ്ട്യാല ഇ എം എസ് മന്ദിരം ഒരു വർഷത്തിനിടയിൽ അഞ്ചാംതവണയാണ് ആക്രമിക്കപ്പെടുന്നത്. ചേലോറയിലേയും പരിസരങ്ങളിലേയുമായി പതിമൂന്നിടത്ത് പാർടി ഓഫീസുകളും സാസ്‌കാരിക സ്ഥാപനങ്ങളും ഒരുവർഷത്തിനിടെ ആർ എസ് എസ് ആക്രമിച്ചു നാശനഷ്ടം വരുത്തി.

ആർ എസ് എസ് അക്രമികൾ രാത്രിയുടെ മറവിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ല. എന്നാൽ ബി ജെ പിക്കാരുടെ പരാതിയെ അടിസ്ഥാനമാക്കി സിപിഐ (എം) പ്രവർത്തകർക്കെതിരെ പൊലീസ് വ്യാപകമായ പീഢനമാണ് നടത്തുന്നത്. പുലർച്ചെ വീടുകളിൽ ചെന്ന് പാർട്ടി അനുഭാവികളെ കസ്റ്റഡിയിൽ എടുക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

 

പൊലീസിൽ നിന്ന് ലഭിക്കുന്ന അനുകൂല സമീപനം തുടരെ അക്രമം നടത്താൻ ആർ എസ് എസ് ക്രിമിനലുകൾക്ക് പ്രേരണ നൽകുന്നു. പൊലീസ് ഈ സമീപനം അവസാനിച്ച് അക്രമങ്ങളിൽ പങ്കാളികളായ ആർഎസ് എസുകാർക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണം. നാടിന്റെ സമാധാനം  തകർക്കുന്ന ആർഎസ്എസ് അക്രമങ്ങൾക്കെതിരെ ബഹുജനങ്ങളിൽ നിന്നു ശക്തമായ പ്രതികരണം ഉയർന്നു വരണമെന്ന് ജയരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.